സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്ഥിരവിസയുണ്ടേല്‍ ഫിലിപ്പൈന്‍സില്‍ ഇനി സൗജന്യമായി പോകാം

0

മനില : ലോകം ചുറ്റിക്കറങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളായ  ഇന്ത്യക്കാര്‍ക്ക്  ഒരു സന്തോഷവാര്‍ത്ത‍ കൂടി .ഫിലിപ്പൈന്‍സ് ഇന്ത്യക്കാര്‍ക്കുള്ള വിസയില്‍ നിബന്ധനകളോടെ ഇളവുകള്‍ നല്‍കുന്നു .താരതമ്യേനെ വിസ കിട്ടുവാന്‍ ബുദ്ധിമുട്ടുള്ള ഫിലിപ്പൈന്‍സില്‍ ടൂറിസം വഴിയുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു തീരുമാനം എടുക്കുന്നത് .ഇതോടെ പണമൊന്നും നല്‍കാതെ ഇന്ത്യക്കാര്‍ക്ക്  സന്ദര്‍ശിക്കാന്‍ അനുമതിയുള്ള ഏക തെക്കുകിഴക്കന്‍ രാജ്യമാവുകയാണ് ഫിലിപ്പൈന്‍സ്.

AJACSSUK ( ആസ്ട്രേലിയ ,ജപ്പാന്‍ ,കാനഡ ,സിംഗപ്പൂര്‍ ,യുഎസ് ,യുകെ ) എന്നീ രാജ്യങ്ങളില്‍ സ്ഥിരവിസയോ ,പെര്‍മനന്റ് റെസിഡണ്ടോ ആയ ഇന്ത്യക്കാര്‍ക്ക് ഫിലിപ്പൈന്‍സില്‍ ഏതു  വിമാനത്താവളങ്ങളിലോ ,മറ്റ് ചെക്ക് പോയിന്റുകളിലോ സൗജന്യമായി വിസ ലഭിക്കും .14 ദിവസത്തേക്കുള്ള വിസയാണ് ഇപ്രകാരം നല്‍കുന്നത് .21 ദിവസം വരെ ഈ വിസ കാലാവധി ഉയര്‍ത്താവുന്നതാണ് .

110 സിംഗപ്പൂര്‍ ഡോളര്‍ വരെയായിരുന്നു ഇന്ത്യക്കാര്‍ക്ക് ഫിലിപ്പൈന്‍സ് വിസയ്ക്ക് നല്‍കേണ്ടിയിരുന്നത് .പുതിയ നിയമം വരുന്നതോടെ യാതൊരു നിരക്കും നല്‍കാതെ വിസ ലഭ്യമാകും.സിംഗപ്പൂരില്‍ പി ആര്‍ , സ്റ്റുഡന്റ്റ് വിസ ,എസ് പാസ്സ്,എംപ്ലോയ്മെന്റ് പാസ്സ് ,വര്‍ക്ക് പെര്‍മിറ്റ്‌ ,ഡിപ്പന്റന്റ് പാസ്സ് എന്നീ വിസയുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം.  2015 ഏപ്രില്‍ 20 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. മുന്‍പ് മനില ,ക്ലാര്‍ക്ക് ,സെബു എന്നീ എയര്‍പോര്‍ട്ടുകളില്‍ മാത്രമായിരുന്നു ഈ സൗകര്യം ഉണ്ടായിരുന്നത് .ഇപ്പോള്‍ കപ്പല്‍ വഴിയും ,കരമാര്‍ഗം വഴിയുമെല്ലാം എത്തുന്നവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം .എല്ലാ എയര്‍പോര്‍ട്ടുകളിലും സൗജന്യവിസ  സൌകര്യം ഉണ്ടായിരിക്കും .

ഇതോടെ 2016 ആകുമ്പോഴേക്കും വര്‍ഷം ഒരു ലക്ഷം ഇന്ത്യക്കാര്‍ ഫിലിപ്പൈന്‍സ് സന്ദര്‍ശിക്കുമെന്ന്  ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നു .വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ത്യക്കാര്‍ക്ക് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.