പ്ലാസ്റ്റിക് ഒഴിവാക്കൂ, ആരോഗ്യം സംരക്ഷിക്കൂ…

0

നിങ്ങള്‍ പ്ലാസ്റ്റിക് കണ്ടെയ്നറുകളില്‍ ഭക്ഷണം കഴിക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക! പ്ലാസ്റ്റിക്കില്‍ ഉപയോഗിക്കുന്ന രണ്ട് ഘടകപദാര്‍ത്ഥങ്ങള്‍ മാരകമായവയാണെന്ന് പുതിയ പഠനം.

പ്ലാസ്റ്റിക് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എത്ര തന്നെ അറിവുണ്ടെങ്കിലും ഇന്നും ലോകത്തില്‍ ഭൂരിപക്ഷവും പേരും പ്ലാസ്റ്റിക് ഉപയോഗം വേണ്ടെന്നു വച്ചിട്ടില്ല. ജീവജാലങ്ങള്‍ക്ക് എന്തിനു ഭൂമിയ്ക്കു പോലും ഭീഷണിയായ പ്ലാസ്റ്റിക് ഇന്നും വിപണിയില്‍ കണ്ടെയിനറുകളായും, കവറുകളായും, മറ്റു പല വസ്തുക്കളുടെ കൂടെയും സുലഭമായി വിറ്റുപോകുന്നു.

പ്ലാസ്റ്റിക്കില്‍ DEHP എന്ന ഒരുതരം താലേറ്റ് (Phthalate) അടങ്ങിയിട്ടുണ്ട്. താലേറ്റ് അല്ലെങ്കില്‍ താലേറ്റ് ഇസ്തെര്‍ പ്ലാസ്റ്റിക്കുകള്‍ ഈടുനില്‍ക്കാനും, സുതാര്യമാക്കാനും, വഴക്കമുള്ളതാക്കാനുമാണ് ഉപയോഗിക്കുന്നത്. മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന DEHP യ്ക്ക് പകരം പിന്നീട് DINP, DIDP തുടങ്ങിയ രണ്ടു പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി എങ്കിലും ഇവയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് പുതിയ പഠനം. 8 മുതല്‍ 19 വയസ്സ് വരെയുള്ള അഞ്ഞൂറോളം പേരില്‍ നടത്തിയ ടെസ്റ്റില്‍ ഈ രണ്ടു കെമിക്കല്‍ പദാര്‍ത്ഥങ്ങള്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി പുതിയ കണ്ടെത്തല്‍. രക്ത സമ്മര്‍ദ്ദം, ഇന്‍സുലിന്‍ പ്രതിരോധം വഴി പ്രമേഹം, മാനസിക പിരിമുറുക്കം, പോഷണോപചയാപചയ രോഗങ്ങള്‍ തുടങ്ങി പല രോഗങ്ങള്‍ക്കും ഇവ കാരണമാകുന്നു എന്ന് NYU ലാന്‍ഗോണ് മെഡിക്കല്‍ സെന്ററിലെ ഒരു സംഘം ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്.

ബോഡി വാഷ്, ലോഷന്‍, ഷാംപൂ, പേസ്റ്റ് തുടങ്ങി പലതും ഇപ്പോഴും പ്ലാസ്റ്റിക് ബോട്ടില്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് ട്യൂബില്‍ ആണ് ലഭിക്കുന്നത്. ഇത് താലേറ്റ് സ്കിന്‍ വഴി ആഗിരണം ചെയ്യപ്പെട്ടു നമ്മുടെ ശരീരത്തില്‍ എത്തുന്നതിനു ഇടയാക്കുന്നു മാത്രമല്ല അമ്മ വഴി കൊച്ചു കുഞ്ഞുങ്ങളിലേക്ക് പോലും പ്ലാസന്റ, പാല്‍ കൊടുക്കുക വഴി എത്തിച്ചേരാന്‍ കാരണമാകും. ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കുകയും, അതുപോലെ ഓവനില്‍ ചൂടാക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നത് വഴി പല ആരോഗ്യ പ്രശ്നങ്ങളും ഭാവിയില്‍ ഉണ്ടാകും. കളിപ്പാട്ടമായോ മറ്റോ കയ്യില്‍ കിട്ടുന്ന പ്ലാസ്റ്റിക് വസ്തുക്കളില്‍ കടിക്കുകയോ അത് ചവയ്ക്കുകയോ ചെയ്യുന്നത് വഴി കുട്ടികള്‍ക്കു അലര്‍ജി, അസ്ത്മ, ഓട്ടിസം തുടങ്ങിയ രോഗങ്ങള്‍ വരുന്നു. സ്ത്രീകളിലും പുരുഷന്മാരിലും ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. എന്തിനു പ്ലാസ്റ്റിക് പലതരം കാന്‍സര്‍ പോലും ഉണ്ടാക്കുന്നു.

പ്ലാസ്റ്റിക് ഉപയോഗം എളുപ്പമാണ് അല്ലെങ്കില്‍ വിലക്കുറവു ഉണ്ടെന്നു കണ്ടു ആരോഗ്യം പണയം വയ്ക്കാതിരിക്കുക. അതുപോലെ കഴിയുന്നതും അപ്പപ്പോള്‍ തന്നെ ഭക്ഷണം പാചകം ചെയ്തു കഴിക്കൂ, ഭാവിയെ സുരക്ഷിതമാക്കൂ.

പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കാന്‍, ചെയ്യാവുന്ന കാര്യങ്ങള്‍

1. ഷോപ്പിംഗ് ചെയ്യാന്‍ പേപ്പര്‍ അല്ലെങ്കില്‍ തുണി കൊണ്ടുള്ള ബാഗ് ഉപയോഗിക്കുക.

2. കോഫി കുടിക്കാന്‍ കഴിയുന്നതും കോഫീ മഗ് കരുതുക.

3. വെള്ളം ഗ്ലാസ് ബോട്ടിലുകളില്‍ കരുതുക.

4. ഭക്ഷണം ഫ്രിഡ്ജില്‍ ഗ്ലാസ്, സറാമിക്  പാത്രങ്ങളില്‍ വയ്ക്കുക.

5. ഓവനില്‍ കഴിയുന്നതും ഓവനില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഗ്ലാസ് പാത്രങ്ങള്‍ മാത്രം ഉപയോഗിച്ച് പാചകം ചെയ്യുക, റീ ഹീറ്റ് ചെയ്യുക.

6. ഡിസ്പോസിബിള്‍, റീ യൂസബിള്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കുക.

7. 3,6,7 നമ്പരുകള്‍ ബോട്ടിലിന് അടിയില്‍ ഉണ്ടെങ്കില്‍ അത് ഒഴിവാക്കുക. 1,2,4,6 ഉപയോഗിക്കാം എന്നല്ല പരമാവധി ഒഴിവാക്കുക.

8. പ്ലാസ്റ്റിക്ക് കണ്ടെയിനര്‍, കവറുകളില്‍ പൊതിഞ്ഞു വരുന്ന പാചകം ചെയ്ത ഭക്ഷണസാധനങ്ങള്‍ വാങ്ങാതിരിക്കുക.