മലയാളിക്കും തമിഴിനും ഒറ്റ എം എസ് വിയെ ഉണ്ടായിരുന്നുള്ളു. പാട്ടിന്‍റെ പരുഷമായ തലത്തിലെ മധുരമായി ഡോ.എം എസ് വിശ്വനാഥന്‍ പാടിയപ്പോള്‍ ആ ഇസ്സൈ ചക്രവര്‍ത്തിയെ സംഗീത ലോകവും സിനിമ ലോകവും കണ്ടത് ആദരവോടും അത്ഭുതത്തോടും ആയിരുന്നു.
പാലക്കാടന്‍ മണ്ണില്‍ ജനിച്ച് അതിര്‍ത്തിക്കപ്പുറം സംഗീത രാഗങ്ങള്‍ വിരല്‍ തുമ്പില്‍ നിന്നും ശ്രോതാക്കളില്‍ എത്തിച്ചപ്പോള്‍ എം എസ് വിയെ ലോകം നെഞ്ചിലേറ്റി.
മലയാളികള്‍ക്ക് എന്നും എം എസ് വിയെ ഓര്‍ക്കാന്‍ ഒറ്റ പാട്ട് മതി. .“കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോട് ഉപമിച്ച കാവ്യ ഭാവനെ നിനക്കഭിനന്ദനം”… ഒരു പാട്ടിന്‍റെ വേറിട്ട തലത്തില്‍ നിന്ന് ഒരു പാട്ട് കേട്ട മലയാളം, ആ സംഗീത പ്രതിഭ കണ്ട് കൌതുകം കൊണ്ടു.
ചെറുപ്പത്തിന്‍റെ ഇല്ലായ്മകള്‍ കൊണ്ട് ചെന്നെത്തിച്ച ഹാര്‍മോണിയം വായന പുതിയ ഒരു ലോകമാണ് അദ്ദേഹത്തെ കാണിച്ചുകൊടുത്തത്. കണ്ണൂരും തിരുവനന്തപുരത്തും പരിപാടികള്‍ ചെയ്ത എം എസ് വിയെ പിന്നീട് ചലച്ചിത്രലോകം ഏറ്റെടുത്തു. 1942 മുതല്‍ 1952 നിരവധി ട്രൂപ്പുകളിലും പല പ്രമുഖവ്യക്തികളുടെ കൂടെയും എം എസ് വി പ്രവര്‍ത്തിച്ചു. 1950-ല്‍ കണ്ടുമുട്ടിയ പ്രതിഭ ടി കെ രാമമൂര്‍ത്തിയുമായി കൂട്ടുചേര്‍ന്ന് നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചു.
പിന്നണി ഗാനം ഒരുക്കാന്‍ തുടങ്ങിയ കൂട്ടുകെട്ട് 1952 മുതല്‍ 1965 നൂറോളം ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കി. ലളിതഗാന രാജാക്കള്‍ എന്നുപോലും ഇവര്‍ അറിയപെട്ടു. 1965-ല്‍ കൂട്ട് പിരിഞ്ഞ് എം എസ് വി സ്വതന്ത്ര സംവിധായകന്‍ ആയി.
ലോക ഗാനശാഖയെ തെന്നിന്ത്യന്‍ സംഗീതത്തില്‍ സന്നിവേശിപ്പിച്ച് ഒരു വേറിട്ട അനുഭവം നല്‍കാന്‍ എം എസ് വിയെ കഴിഞ്ഞേ അന്ന് ആരും ഉണ്ടായിരുന്നുള്ളു. പോപ്പും, റോക്കും, ഡിസ്കോയും ഇന്ത്യന്‍ സംഗീതത്തില്‍ ചാലിച്ച് സിനിമകളില്‍ എത്തി.
തലമുറകള്‍ക്ക് മുന്നില്‍ വ്യക്തി-പ്രതിഭാ സ്വാധീനം കൊണ്ട് ആദരവ് നേടിയ മഹാ വ്യക്തിത്വം ആണ് എം എസ് വി. സ്വന്തമായി ചെയ്ത പാട്ട് മുതല്‍ ആധുനിക ലോകാത്ഭുതം എ ആര്‍ റഹ്മാന്‍റെ പാട്ടുകള്‍ പാടി ഈ സംഗീത ചക്രവര്‍ത്തി. അഞ്ഞൂറോളം സ്വന്തം പാട്ടുകളും ഇരുനൂറോളം മറ്റു സംഗീത സംവിധായകരുടെ പാട്ടുകളും പാടി ഈ അനുഗ്രഹീത ഗായകന്‍. മലയാളം, തമിള്‍, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ ആയി 1700 ചിത്രങ്ങള്‍ ചെയ്തു എം എസ് വി.
അതിലുപരി ഇന്ത്യയുടെ എണ്ണപ്പെട്ട നിരവധി ഗായകരെ പരിചയപ്പെടുത്തിയതും എം എസ് വി തന്നെ. എല്‍ ആര്‍ ഈശ്വരിയും, സൌന്ദര്‍ രാജനും, പി സുശീലയും, വാണിജയറാമും, എസ് പി ബാല സുബ്രഹ്മണ്യവും അതില്‍പെടും.
അഭിനയം ആയിരുന്നു ആദ്യ സ്വപനം എന്നതിനാല്‍ അഭിനയിക്കാന്‍ കിട്ടിയ എല്ലാ അവസരങ്ങളും എം എസ് വി ഉപയോഗിച്ചു. നിരവധി ചിത്രങ്ങളില്‍ ഒരു നല്ല നടനാവാനും എം എസ് വിയെക്കൊണ്ട് കഴിഞ്ഞു.
യുവ മലയാളികള്‍ അദ്ദേഹത്തെ റിയാലിറ്റി ഷോകളിലായിരിക്കും നേരില്‍ കണ്ടിട്ടുണ്ടാവുക.. അവിടെയും എളിമയുടെ ഒരു വലിയ ആള്‍രൂപത്തെ ആദരവോടെയവര്‍ സ്നേഹിച്ചു… “ കണ്ണുനീര്‍ തുള്ളിയെ … പാടുമ്പോള്‍ ഹാര്‍മോണിയത്തില്‍ പ്രായം തണുപ്പിക്കാത്ത വിരലുകള്‍ ചലിപ്പിച്ച് എം എസ് വി പാടിയപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും അത് കൂടുതല്‍ മധുരമായി തോന്നി മലയാളിക്ക്.
എണ്‍പത്തി എട്ടാം വയസ്സില്‍ ഈ ലോകം വിട്ടു പോകുമ്പോള്‍ ഒരു സന്യാസവര്യനെ പോലെ സംഗീതത്തെ ഉപാസിച്ച ഒരു നല്ല മനുഷ്യനെ കൂടിയാണ് തെന്നിന്ത്യക്ക് നഷ്ടമായത്.
എ ആര്‍ റഹ്മാന്‍റെ “ മഴൈ തുളി മഴൈ തുളി മണ്ണില്‍ സംഗമം” എന്ന പാട്ടിലെ – മഴൈക്കാഹ താന്‍ മേഘം… എന്ന വരികള്‍ ഓര്‍ത്തു കൊണ്ട് ഒരു പിടി പൂക്കള്‍ ആ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു……ഇനിയും ഇവിടെ തിരികെ വരാന്‍ പ്രാര്‍ത്ഥിക്കുന്നു…