ടൈഗര്‍ എയറും കേരള ടൂറിസവും പരസ്പര സഹകരണത്തിനൊരുങ്ങുന്നു

0
സിംഗപ്പൂര്‍: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് വിമാനക്കമ്പനിയായ ടൈഗര്‍ എയര്‍, കേരള ടൂറിസവുമായി സഹകരണത്തിന് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ടൈഗര്‍ എയര്‍ കമ്പനി വ്യക്തമാക്കി.കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വര്‍ദ്ധനയ്ക്ക് സഹായകരമാകുന്നതാണ് പുതിയ നീക്കം .വിസ ഓണ്‍ അറൈവല്‍ ലഭ്യമായ കൊച്ചിയിലേക്ക് ടൈഗര്‍ എയറിന് നിലവില്‍ സര്‍വീസുകളുണ്ട് .
 
സിംഗപ്പൂര്‍ ഉള്‍പ്പെടെ, ടൈഗര്‍ എയര്‍ സര്‍വീസ് നടത്തുന്ന രാജ്യങ്ങളില്‍ നിന്ന് വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് കൊണ്ടുവരാനാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ടൈഗര്‍ എയറിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ തെഹ് യിക് ചുവാന്‍ പറഞ്ഞു.സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സഞ്ചാരികളെ കൊണ്ടു വരുന്നതിനൊപ്പം കേരളത്തില്‍ നിന്നുള്ള സഞ്ചാരികളെ സിംഗപ്പൂരിലേക്ക് ആകര്‍ഷിക്കാനും ടൈഗര്‍ എയറിന് കഴിയും.
 
കൊച്ചി ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ടൈഗര്‍ എയര്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പ്രതിവാരം നാല് സര്‍വീസുകളാണ് ഉള്ളത്.യാത്രക്കാരുടെ ലഭ്യതയ്ക്കനുസരിച്ച് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കും .കൂടാതെ വിമാന ലഭ്യതയ്ക്കനുസരിച്ച്  കോഴിക്കോട് സര്‍വീസ് തുടങ്ങുവാനുള്ള ആലോചനയിലാണ് ടൈഗര്‍ എയര്‍.