കൊലാലംപൂര്‍ : സീസണ്‍ തിരക്കുകള്‍ പ്രമാണിച്ച് മലിന്‍ഡോ എയര്‍ കൊച്ചിയിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചതിനു തൊട്ടുപിന്നാലെ എയര്‍ ഏഷ്യയും അധിക സര്‍വീസുകളുമായി രംഗത്തെത്തി.നവംബര്‍ 19 മുതല്‍ ഇനി എയര്‍ ഏഷ്യ ദിവസേന 2 സര്‍വീസുകള്‍ കൊച്ചിയിലേക്ക് നടത്തും .ഇപ്പോള്‍ ആഴ്ചയില്‍ 10 സര്‍വീസുകളാണ് എയര്‍ ഏഷ്യ കൊലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് നടത്തുന്നത് .ഇത് 14 ആയി വര്‍ദ്ധിക്കും .ഡിസംബര്‍ മാസത്തില്‍ മലിന്‍ഡോയും ആഴ്ചയില്‍ 14 സര്‍വീസുകള്‍ കൊച്ചിയിലേക്ക് നടത്തുന്നുണ്ട് .ഇതോടെ ആഴ്ചയില്‍ കൊലലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് 28 സര്‍വീസുകള്‍ ലഭ്യമാകും .
കൊച്ചിയില്‍ നിന്ന് മലേഷ്യയിലേക്ക് ആഴ്ചയില്‍ 4788 സീറ്റുകള്‍ ലഭ്യമാകുന്നതോടെ നിരക്കില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുകയും കൂടുതല്‍ ട്രാന്‍സിറ്റ് സൗകര്യം ലഭ്യമാവുകയും ചെയ്യും.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ 4068 സീറ്റുകള്‍ ലഭ്യമായിരുന്നതില്‍ നിന്ന് 700 സീറ്റുകള്‍ അധികം ഈ വര്‍ഷം ഉണ്ടാകുമെന്നതുകൊണ്ട് ശബരിമല ,ക്രിസ്തുമസ് സീസണില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ എളുപ്പത്തില്‍ ലഭ്യമാകും .എയര്‍ ഏഷ്യയുടെ രാവിലെ 6 മണിക്ക് കൊലാലംപൂരില്‍ നിന്ന് ആഴ്ചയില്‍ 3 ദിവസം ഉണ്ടായിരുന്ന സര്‍വീസാണ് പ്രതിദിനമായി ഉയര്‍ത്തുന്നത്.രാവിലെ എയര്‍ ഏഷ്യയും മലിന്‍ഡോയും ചേര്‍ന്ന് 2 സര്‍വീസും ,വൈകിട്ട് 2 സര്‍വീസും നടത്തുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൌകര്യപ്രദമാകും.2012-ന് ശേഷം ആദ്യമായാണ് എയര്‍ ഏഷ്യ കൊച്ചി സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നത്.