ശ്മശാനങ്ങള്‍ക്കും, ശവ പെട്ടികള്‍ക്കും, ശവദാഹങ്ങള്‍ക്കും വിട പറയാം. മരങ്ങളും, കാടുകളും ആയി മാറട്ടെ ജീവനറ്റ ശരീരങ്ങള്‍ ഇനി മുതല്‍. മരിച്ചാലും കാണാം നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരെ മരങ്ങളായ്. മരിച്ചാല്‍ ഏതു മരമായി പുനര്‍ജ്ജനിക്കണമെന്നും ജീവിത കാലത്തില്‍ തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇറ്റലിയിലാണ് മരിച്ചാല്‍ മരമായ് മാറാനുള്ള വിദ്യ കണ്ടുപിടിക്കപ്പെട്ടത്. 'കാപ്സ്യൂള മുണ്ടി പ്രൊജക്റ്റ്' എന്നാണിത് അറിയപ്പെടുന്നത്.
കാപ്സ്യൂള മുണ്ടി -രൂപരേഖ |
മരണ ശേഷം ശരീരങ്ങളെ ഭ്രൂണ രൂപേണ 'പ്ലാസ്റ്റിക് അന്നജ' കാപ്സ്യൂളിനുള്ളില്‍ അടക്കം ചെയ്തു മണ്ണിടുന്നു.
അതിനു ശേഷം ഈ കാപ്സ്യൂളിന് മുകളില്‍ വിത്തോ, മരത്തൈകളോ നടുന്നു. അഴുകി വിഘടനം സംഭവിക്കുന്ന ശരീരങ്ങള്‍ മര തൈക്കു അല്ലെങ്കില്‍ വിത്തിന് പോഷക ഗുണമേറിയ വളമായ് മാറുന്നു.
അങ്ങിനെ ഒരു പിടി ചാരമായ് മാറാതെ ശരീരം മരമായ് വളര്‍ന്നു വരുന്നു. കാപ്സ്യൂളും 100 ശതമാനവും മണ്ണില്‍ അലിയുന്നു. ഇറ്റലിയിലെ ഡിസൈനേര്‍സായ അന്ന മരിയ സൈറ്റ്ലി, റൌള്‍ ബ്രെറ്റ്സെല്‍ എന്നിവരാണ് ഇത് രൂപകല്പന ചെയ്തത്. ഇറ്റലിയിലെ നിയമം ഇത്തരത്തില്‍ ശവ ശരീരങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, യു എസ്,ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ഇതിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മാത്രമല്ല ഭാവിയില്‍ ലോകം മുഴുവന്‍ ഇത്തരം മരങ്ങള്‍ അല്ലെങ്കില്‍ കാടുകള്‍ സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്. പ്രിയപ്പെട്ടവരെ ഏതു രൂപത്തില്‍ ആയാലും എന്നും കാണാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്?