ബുക്കിറ്റ് ടിമാ നാച്ചുറല്‍ റിസേര്‍വ്സിനെയും, സെന്‍ട്രല്‍ കാച്ച്മെന്റ്റ് നാച്ചുറല്‍ റിസേര്‍വ്സിനെയും ബന്ധിപ്പിക്കുന്ന എക്കോ ലിങ്ക് അറ്റ് ബുക്കിറ്റ് ടിമാ എക്സ്പ്രസ്സ് വേ ഇതാദ്യമായി പൊതുജനങ്ങള്‍ക്കായ് തുറന്നു കൊടുക്കുന്നു. ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ SG 50 യുടെ ഭാഗമായി നവംബര്‍ 21, ഡിസംബര്‍ 5, ഡിസംബര്‍ 19, ജനുവരി 9 തുടങ്ങി നാല് ദിവസങ്ങളിലായാണ് നാച്ചുറല്‍ പാര്‍ക്സ് ബോര്‍ഡ് ഒരു മണിക്കൂര്‍ ഗൈഡഡ് ടൂര്‍ സംഘടിപ്പിക്കുന്നത്. പിന്നീടു മാര്‍ച്ച് മുതല്‍ എല്ലാ മാസങ്ങളിലും ഒരു ദിവസം ഇതുവഴി യാത്ര എന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. സഞ്ചാരികള്‍ക്ക് പാലത്തിന്റെ അരികിലുള്ള നടവഴി മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.
2013 ല്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി മരം നട്ടു പിടിപ്പിച്ചതിനു ശേഷം ജനങ്ങള്‍ക്ക് ഇത് വഴിയുള്ള സഞ്ചാരം നിരോധിച്ചിരുന്നു. കാട്ടിലെ ജീവ ജാലങ്ങള്‍ക്ക് സ്വാഭാവിക സഞ്ചാരം സാധ്യമാകാന്‍ വേണ്ടി ആയിരുന്നു ഇത്. പാലം പണിതതിന്റെ പ്രധാന ലക്ഷ്യവും ജീവജാലങ്ങള്‍ സ്വതന്ത്രമായി കഴിയുക എന്നതും, വംശ നാശം സംഭവിക്കുന്നത് തടയുക എന്നതുമാണ്. സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി വലിയ മൃഗങ്ങള്‍ ഇത് വഴി കടക്കാതിരിക്കാനായ്
പാലത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ 30 cm പഴുത് നല്‍കി ഒരു വേലി നിര്‍മ്മിച്ചിട്ടുണ്ട്. അതെ സമയം ചെറു മൃഗങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്നതാണ്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ക്യാമറയില്‍ ചില തരം കുരങ്ങുകള്‍, അണ്ണാറക്കണ്ണന്‍, വവ്വാലുകള്‍, പ്രാവുകള്‍, മരപ്പട്ടികള്‍, പാമ്പുകള്‍, ഈനാം പേച്ചികള്‍ തുടങ്ങിയവ പാലം കടക്കുന്നതിന്റെയും, ഭക്ഷണം തേടി എത്തുന്നതിന്റെയും ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
പതിനാറു മില്യണ് ഡോളറോളം ചിലവഴിച്ചു 62 മീറ്റര്‍ നീളത്തിലാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. സിംഗപ്പൂര്‍ ഡൂരിയന്‍, തെങ്ങുകള്‍ തുടങ്ങി നിരവധി മരങ്ങളും, കുറ്റിച്ചെടികളും പാലത്തില്‍ നട്ടു വളര്‍ത്തിയിട്ടുണ്ട്. 1986 ല്‍ റോഡു വന്നതിനു ശേഷം രണ്ടു കാടുകളും തമ്മില്‍ വേര്‍പെട്ടു കിടക്കുകയായിരുന്നു. അത് വഴി ഇവിടെയുള്ള പല ജീവികളും കൂട്ടം വേര്‍പെട്ടു കഴിയുകയുമായിരുന്നു. മാത്രവുമല്ല റോഡ് മുറിച്ചു കടന്നു ചില ജീവികള്‍ അപകടത്തില്‍പ്പെട്ടിട്ടുമുണ്ട്. എന്നാല്‍ പാലം വന്നതിനു ശേഷം ഒരു അപകടവും ഉണ്ടായിട്ടില്ല.
സാങ്കേതികപരമായി എത്ര തന്നെ ഉന്നതങ്ങളില്‍ എത്തിയാലും, ആധുനിക സൗകര്യങ്ങളില്‍ ലോക രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ ആയാലും ശരി സിംഗപൂര്‍, ഹരിത ഭംഗിയെയും, അതുവഴി ജീവജാലങ്ങളെയും കാത്തു സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തില്ലെന്നതിനു ഏറ്റവും നല്ല ഉദാഹരണമാണ് എക്കോ ലിങ്ക് @BKE.
കാടിനെ അറിയാന്‍, ഇവിടുള്ള ജീവ ജാലങ്ങളെ അറിയാന്‍ ഉള്ള ഈ യാത്ര തികച്ചും സൗജന്യമാണ്, മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.