തളര്‍ന്നു കിടക്കുന്ന പിതാവിനെ പോറ്റുന്ന ഏഴു വയസ്സുകാരന്‍

0
Source: Youth Daily
സ്വന്തം യൗവനം ദാനം ചെയ്തു അച്ഛന്‍റെ ജരാനരകള്‍ സ്വീകരിച്ച മകന്‍റെ കഥ നമ്മള്‍ പുരാണങ്ങളില്‍ വായിച്ചിട്ടുണ്ട്. സ്വന്തം ബാല്യം അച്ഛനു വേണ്ടി സമര്‍പ്പിക്കുന്ന ഒരു പുത്രന്‍റെ കഥയിതാ. ചൈനയില്‍ നിന്നും. 
 
ജീവനും ജീവിതവും തന്ന മാതാപിതാക്കളെ നിര്‍ദ്ദയം നടതള്ളുന്ന വിദ്യാ സമ്പന്നരും പണക്കാരും ഉള്ള ഈ നാട്ടില്‍ അവരെ നാണിപ്പിക്കാന്‍ ഉതകുന്നതാണ് ഏഴുവയസ്സുകാരന്റെ കഥ. 
 
തളര്‍ന്നു കിടക്കുന്ന തന്റെ പിതാവിനെ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സംരക്ഷിക്കുകയാണ് ഈ ഏഴു വയസ്സുകാരന്‍. ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള ഗൈചൗവിലാണ് ഔ യാംഗ്‌ലിന്‍ എന്ന കുട്ടി ഒറ്റയ്ക്ക് കട്ടിലില്‍ തളര്‍ന്നു കിടക്കുന്ന പിതാവിനെ പരിചരിക്കുന്നത്.
 
2013-ല്‍ പണിതീരാത്ത തന്റെ വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നും വീണതാണ് ഔ യാംഗ്‌ലിന്റെ അച്ഛന്‍ ഔ ടോങ്മിങ്-നെ ശയ്യാവലംബിയാക്കിയത്. നട്ടെല്ലിനു സാരമായി പരുക്കേറ്റ ടോങ്മിങ് അന്നു മുതല്‍ അരയ്ക്കു താഴെ തളര്‍ന്നു കിടക്കുകയാണ്. കുടുംബം സ്വരുക്കൂട്ടിയ പണം മുഴുവന്‍ ചികില്‍സയ്ക്കായി ചിലവഴിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു വര്‍ഷം മുന്‍പ് ഔ യാംഗ്‌ലിന്റെ അമ്മ മൂന്നു വയസ്സുള്ള സഹോദരിയേയുംകൊണ്ട് വീടുവിട്ടുപോയി. അന്നു മുതല്‍ അച്ഛന്റെ ശുശ്രൂഷ സ്വയം ഏറ്റെടുത്തതാണ് ഈ ഏഴു വയസ്സുകാരന്‍.
 
രാവിലെ ആറു മണിക്ക് എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്ത്, പിതാവിനെ തന്‍റെ കുഞ്ഞു കൈകള്‍ കൊണ്ട് ഊട്ടിയിട്ടാണ് അവന്‍ സ്‌കൂളില്‍ പോകുന്നത്. ഉച്ചയ്ക്ക് ഓടി വന്ന് അച്ഛനു ഭക്ഷണം കൊടുത്തിട്ട് വീണ്ടും പോകും. സ്‌കൂള്‍ വിട്ടുകഴിഞ്ഞ് ആക്രി പെറുക്കിയാണ് ആ മകന്‍ അന്നത്തേക്കുള്ള വകയുണ്ടാക്കുന്നത്. പക്ഷേ തന്റെ പ്രായത്തിലുള്ള കുട്ടികള്‍ കളിക്കുന്നത് കാണുമ്പോഴും അവനു അച്ഛനു മരുന്നു മേടിക്കാനുള്ള കാശുണ്ടാക്കണമെന്നാണ് ആഗ്രഹം.
 
'എന്റെ അച്ഛനു മരുന്നു മേടിക്കണം. പക്ഷേ അതിനുള്ള പണം എന്റെ കൈയ്യിലില്ല. അച്ഛനില്ലാതെ എനിക്കു ജീവിക്കാനുമാകില്ല', ആ മകന്‍റെ വാക്കുകളില്‍ കടലോളം സ്‌നേഹവും ആത്മാര്‍ഥതയുമുണ്ട്. ആ മകന് ജന്‍മം നല്‍കാന്‍ കാരണക്കാരനായതില്‍ ആ പിതാവിന് അഭിമാനിക്കാം. ചൈനയില്‍ നിന്ന് വരുന്നതെല്ലാം ഡ്യൂപ്ലിക്കേറ്റല്ല എന്ന് ഈ ബാലന്‍ തെളിയിക്കുന്നു.