1GB ഡാറ്റ ഒരു സെക്കന്‍റ് കൊണ്ട് കൈമാറാന്‍ കഴിയുന്ന, വൈഫൈയിലും നൂറു മടങ്ങ് വേഗതയുള്ള ഇന്‍റര്‍നെറ്റ് വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി 'ലൈഫൈ' ഉടന്‍ പ്രാബല്യത്തില്‍ വരുന്നു. സിനിമകള്‍, ആല്‍ബങ്ങള്‍, വീഡിയോ ഗെയിമുകള്‍ മുതലായവ ഇനി നിമിഷ നേരം കൊണ്ട് ലൈഫൈ വഴി ഡൌണ്ലോഡ് ചെയ്യാന്‍ കഴിയും.
റേഡിയോ വേവുകള്‍ക്ക് പകരം ഇതില്‍ ദൃശ്യമായ സ്പെക്ട്രം ആണ് ഉപയോഗിക്കുക. എല്‍ ഇ ഡി ബള്‍ബ് പോലുള്ള ഏതെങ്കിലും പ്രകാശ ഉറവിടം, ഇന്റര്‍നെറ്റ് കണക്ഷന്‍, ഫോട്ടോ ഡിറ്റെക്റ്റര്‍ മുതലായവയാണ് ലൈഫൈക്കു ആവശ്യം. ഇപ്പോഴുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ മതിയായവ അല്ലാത്തതിനാലും അത് വൈഫൈക്കു അനുസൃതമായതിനാലും വൈഫൈക്കൊപ്പം മാത്രമേ ലൈഫൈ താല്ക്കാലികമായി ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ചുമരുകള്‍ തടസ്സം സൃഷ്ടിക്കുമെന്നതും, സൂര്യ പ്രകാശം ഇതിന്റെ സിഗ്നലുകളെ തടസ്സപ്പെടുത്തുമെന്നതും ഇപ്പോഴുള്ള പോരായ്മയാണെങ്കിലും വൈഫൈയെ അപേക്ഷിച്ച് വളരെ വേഗതയേറിയതും, സുരക്ഷിതമായതും ആണ് ലൈഫൈ. മാത്രമല്ല ഇത് റേഡിയോ വേവുകളെ തടസ്സപ്പെടുത്തുകയും ഇല്ല. അതുകാരണം എയര്‍ ക്രാഫ്റ്റുകളിലും മറ്റും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും
എഡിന്‍ബര്‍ഗ് യൂണിവേര്‍സിറ്റിയിലെ പ്രൊഫസര്‍ ഹരാള്‍ഡ് ഹാസ് രണ്ടായിരത്തി പതിനൊന്നില്‍ ടി ഇ ഡി ( ടെക്നോളജി, എന്റര്‍റ്റൈന്മെന്റ്, ഡിസൈന്‍) കോണ്ഫറന്‍സില്‍ ആണ് ആദ്യമായി ഈ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. ഇപ്പോള്‍ എസ്റ്റൊനിയന്‍ കമ്പനിയില്‍ ലൈഫൈ ടെക്നോളജി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ നെറ്റ് ഉപഭോക്താക്കള്‍ക്കും ലൈഫൈ പ്രാപ്യമാക്കാനുള്ള യത്നത്തിലാണ് ഗവേഷകര്‍.