വീണ്ടും സിംഗപ്പൂര്‍ വിസ്മയിപ്പിക്കുന്നു ; മുകളില്‍ റോഡ്‌ ,അതിന്‍റെ താഴെ എക്സ്പ്രസ്സ്‌വേ ,അതിന്‍റെയും താഴെ മെട്രോ

0

ലിറ്റില്‍ ഇന്ത്യ : ഒരു കൊച്ചുരാജ്യത്തെ അതിന്‍റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് എങ്ങനെ ലോകോത്തരനിലവാരത്തിലെത്തിക്കമെന്നതിന് വീണ്ടും മാതൃകയാവുകയാണ് സിംഗപ്പൂര്‍ .ഡിസംബര്‍ 27-ന് തുറന്നുകൊടുക്കുന്ന പുതിയ ഡൌണ്‍ ടൌണ്‍ ലൈന്‍ 2 മെട്രോയില്‍  റോച്ചര്‍ സ്റ്റേഷന്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്‌ .റോച്ചര്‍ കനാലിനു ഇരുവശത്തും റോഡുകളായി നിലനിന്നിരുന്ന  തിരക്കിട്ട ഈ പ്രദേശം ലിറ്റില്‍ ഇന്ത്യക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത് .

മെട്രോ സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി ആദ്യം ചെയ്തത് നിലവിലെ കനാല്‍ വഴി തിരിച്ചുവിടുകയെന്ന ശ്രമകരമായ ജോലിയായിരുന്നു .ഈ ജോലി നടക്കുന്ന സമയത്ത് ഗതാഗതക്കുരുക്ക് മൂലം യാത്രക്കാര്‍ വലയാതിരിക്കുവാന്‍ വേണ്ടി ഏകദേശം 30 തവണയാണ് റോഡിന്‍റെ ദിശ തിരിച്ചുവിടേണ്ടി വന്നത് .പുതിയ കനാലിന് മുന്‍പത്തെ അപേക്ഷിച്ച് 30% അധികം വെള്ളം ഉള്‍ക്കൊള്ളുവാന്‍ കഴിയും .30 മീറ്ററോളം താഴോട്ട് മണ്ണ് നീക്കം ചെയ്യുകയും മുകളില്‍ 10 വരിയുള്ള റോഡ്‌ നിര്‍മ്മിക്കുകയും ചെയ്തു .അതിന്‍റെ താഴെ 40 മീറ്റര്‍ വീതിയും ,8 മീറ്റര്‍ ഉയരവുമുള്ള ടണല്‍ എക്സ്പ്രസ്സ്‌വേയ്ക്കായി നിര്‍മിച്ചു .അതിന്‍റെ താഴെ യാത്രക്കാര്‍ക്ക് മേട്രോയിലേക്ക് പോകുവാനുള്ള സ്റ്റേഷന്‍ ഗേറ്റുകളും ,ഏറ്റവും കീഴെ മെട്രോയുടെ പ്ലാറ്റ്ഫോമും നിര്‍മ്മിച്ചു.നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിന്‍റെ അടുത്തുതന്നെ ബഹുനില കെട്ടിടങ്ങള്‍ ഉണ്ടായിരുന്നു എന്നതും ഈ ജോലിയുടെ ആയാസം വെളിപ്പെടുത്തുന്നു .

റോച്ചര്‍,ലിറ്റില്‍ ഇന്ത്യ എന്നീ സ്റ്റേഷനുകള്‍ക്കായി സിംഗപ്പൂര്‍ സര്‍ക്കാര്‍ റെക്കോര്‍ഡ് തുകയാണ് വകയിരുത്തിയത് .ഏതാണ്ട് 4000 കോടി രൂപയാണ് ഈ രണ്ടു സ്റ്റേഷനുകള്‍ക്കും കൂടെ ചെലവാക്കിയത് .സ്ഥലപരിമിതി കൊണ്ട് വീര്‍പ്പുമുട്ടുന്ന സിംഗപ്പൂര്‍ മണ്ണിനടിയിലേക്ക് വികസനപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ് .ചെറിയ രാജ്യമെന്ന പരിമിതി ഒരിക്കലും വികസന കുതിപ്പിന് തടസ്സമാകരുതെന്ന നയമാണ് സിംഗപ്പൂര്‍ സര്‍ക്കാരിനുള്ളത് .