ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ അര മില്യണ് ലൈറ്റുകള്‍ കൊണ്ട് ഒരുക്കിയ ട്രീ ഗിന്നസ് റെക്കോര്‍ഡിലേക്ക്

0

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഓസ്ട്രേലിയയിലെ കാന്‍ബറയില്‍ ഒരുക്കിയ ക്രിസ്തുമസ് ട്രീ ഗിന്നസ് ബുക്കിലേക്ക്. ജപ്പാനിലെ യൂണിവേര്‍സല്‍ സ്റ്റുഡിയോയില്‍ ഉള്ള ക്രിസ്തുമസ് ട്രീയുടെ നിലവിലുള്ള റെക്കോര്‍ഡിനെ കടത്തിയാണ് ഡേവിഡ് റിച്ചാര്‍ഡ് ഒരുക്കിയ ഈ ക്രിസ്തുമസ് ട്രീ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയത്.

5,18,832 എല്‍ ഇ ഡി ലൈറ്റുകള്‍ കൊണ്ടാണ് ഈ ക്രിസ്തുമസ് ട്രീ അലങ്കരിച്ചിരിക്കുന്നത്. ഇതിന്റെ മുകളിലെ 1.5 മീറ്റര്‍ ഉള്ള നക്ഷത്രം അലങ്കരിക്കുന്നതിന് മാത്രമായി 12,000 ബള്‍ബുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. 3,74,280 ലൈറ്റുകള്‍ ആയിരുന്നു ജപ്പാനിലെ ട്രീ അലങ്കരിക്കാന്‍ ഉപയോഗിച്ചത്. ഇലക്ട്രിക്കല്‍ – സിവില്‍ എഞ്ചിനീയര്‍, ആര്‍ക്കിട്ടെക്റ്റ്, ഡിസൈനെര്‍സ്, കിഡ്സ് ആക്റ്റ് സേവകര്‍ തുടങ്ങി നിരവധി പേരുടെ സഹായത്തോടെ ആണ് ട്രീ അലങ്കരിച്ചത്.

ഈ ക്രിസ്തുമസ് ട്രീയ്ക്ക് പുറകില്‍ ഒരു നഷ്ടത്തിന്റെയും, നല്ലൊരു ലക്ഷ്യത്തിന്റെ കഥയും പറയാനുണ്ട്. 2002 ല്‍ ആണ് കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന പ്രത്യേക രോഗം കാരണം  (സഡന്‍ ഇന്‍ഫാന്റ് ഡെത്ത് സിന്‍ഡ്രം – SIDS) ഡേവിഡിന്   തന്റെ ഒരുമാസം പ്രായമായ കുഞ്ഞു നഷ്ടപ്പെടുന്നത്. അതിനു ശേഷം കുഞ്ഞിന്റെ ഓര്‍മ്മയ്ക്കായ് സിഡ്സ് ആന്‍ഡ് കിഡ്സ് ആക്ട്റ്റുമായി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരികയാണ് ഡേവിഡും, ഭാര്യയും. ഇങ്ങിനെ ഉണ്ടാകുന്ന രോഗങ്ങളുടെ കാരണം കണ്ടെത്തുന്നതിനായി ഉള്ള റിസര്‍ച്ചിനായ് സംഭാവന നല്കുവാനാണ് സന്ദര്‍ശകരില്‍ നിന്നും കിട്ടുന്ന പണം ഉപയോഗിക്കുക.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗിന്നസ്  വേള്‍ഡ് റെക്കോര്‍ഡ് വിധികര്‍ത്താവും, ആയിരങ്ങളും ആകാംക്ഷയോടെ കാത്തിരിക്കെ ക്രിസ്തുമസ് ട്രീയില്‍ ലൈറ്റുകള്‍ തെളിഞ്ഞത്.