സിംഗപ്പൂര്‍: വര്‍ഷാരംഭത്തില്‍ തന്നെ ഡെങ്കിപ്പനി ഭീതിയിലാണ് സിംഗപ്പൂര്‍. നാഷണല്‍ എന്‍വയണ്‍മെന്‍റ് ഏജന്‍സിയുടെ കണക്കുപ്രകാരം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 2309 ആണ്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം പനി ബാധിച്ചവര്‍ 588 ആണ്. ഇതില്‍ ജനുവരി 24-ന് ഡെങ്കിപ്പനി മൂലം ഒരാള്‍ മരണമടയുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ നിരക്ക് വളരെ കൂടുതലാണ്. സിംഗപ്പൂര്‍ ഗവണ്‍മെന്റിന്‍റെ നാഷണല്‍ എന്‍വയണ്‍മെന്‍റ് ഏജന്‍സിയാണ് ഡെങ്കിപ്പനി നിവാരണത്തിനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഡെങ്കിപ്പനി പരക്കുന്നതിന് രണ്ടു കാരണങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. എല്‍ നിനോ എന്ന പ്രതിഭാസം മൂലമുള്ള, ചൂടേറിയ കാലാവസ്ഥ രോഗ വാഹകരായ ഈഡിസ് കൊതുകുകളുടെ എണ്ണത്തില്‍ വന്‍പെരുപ്പവും അതേസമയം വൈറസുകളുടെ വിരിയല്‍ കാലം(incubation period) ഹ്രസ്വവുമാക്കിയെന്നതാണ് ഒന്നാമത്തെ കാരണം. മറ്റൊന്ന് രോഗകാരിയായ വൈറസ് ഇനത്തിലുണ്ടായിട്ടുള്ള (serotype) വ്യത്യാസമാണ്. മുന്‍ വര്‍ഷങ്ങളിലെല്ലാം രോഗകാരി DENV -1 എന്ന വൈറസ് ഇനമാണെങ്കില്‍ ഈ വര്‍ഷം പനി ബാധിതരില്‍ ഭൂരിഭാഗവും രോഗകാരി DENV -2 എന്ന വൈറസ് ഇനമാണ്. പുതിയ വൈറസ് ഇനത്തോടുള്ള പ്രതിരോധ ശേഷിയില്ലായ്മയും പനി വ്യാപകമാവാന്‍ കാരണമായി.എന്തായാലും 2016-ല്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വളരെയധികം കൂടാന്‍ സാധ്യതയുള്ളതായി ഗവണ്‍മെന്‍റ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
സിംഗപ്പൂര്‍ ജനതയുടെ ഒരു പേടിസ്വപ്നമായി ഡെങ്കിപ്പനി മാറിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. 2005-ലും 2013-ലും ഡെങ്കിപ്പനി ബാധിച്ചു നിരവധി പേര്‍ മരണമടഞ്ഞു. ഈഡിസ് കൊതുകുകളെ കൊന്നൊടുക്കുക എന്നതാണ് ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം. നാഷണല്‍ എന്‍വയണ്‍മെന്‍റ് ഏജന്‍സിയുടെ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഡെങ്കി കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശങ്ങളെ ആക്ടിവ് ഡെങ്കി ക്ളസ്റ്റര്‍ ആയി പ്രഖ്യാപിക്കുകയും അവിടങ്ങളില്‍ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്യുന്നു.