ടാന്‍സാനിയന്‍ യുവതിക്ക് നേരെയുള്ള അക്രമം – ജനകീയ വിചാരണയുടെ ഭീകരമുഖം

0

‘ജനക്കൂട്ടത്തിന്‍റെ മനഃശാസ്ത്രം’ (Mob psychology) ക്രിമിനോളജിയിലും സോഷ്യല്‍ സൈക്കൊളജിയിലും വളരെയധികം പഠനങ്ങള്‍ നടക്കുന്ന ഒരു മേഖലയാണ്. ഒരു വ്യക്തി ഒരു ജനക്കൂട്ടത്തിന്‍റെ ഭാഗമാകുമ്പോള്‍ അവന്‍റെ വ്യക്തിത്വത്തിന് മേല്‍ അജ്ഞാതമായ ഒരു മൂടുപടം വന്നു വീഴുകയും കൊല്ലാനും പോര്‍വിളിക്കാനും അക്രമാസക്തിയുടെ ഏതറ്റം വരെ പോകാനും അവന്‍ ധൈര്യപ്പെടുന്നു. ഇതിന്‍റെ ഉത്തമോദാഹരണമാണ് കഴിഞ്ഞ ദിവസം നാം ബംഗളുരുവില്‍ കണ്ടത്. ബംഗളുരുവിലെ ആചാര്യ കോളേജില്‍ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥിനിയായ ടാന്‍സാനിയന്‍ യുവതിയെ, അവള്‍ അറിഞ്ഞിട്ടു പോലുമില്ലാത്ത ഒരു കുറ്റകൃ ത്യം ആരോപിച്ച് മര്‍ദ്ധിച്ചവശയാക്കി വിവസ്ത്രയാക്കി നടുറോഡിലൂടെ നടത്തിയതും ഈ 'മോബ് സൈക്കൊളജി ' യാണ്.

മറ്റൊരു പ്രധാന ഘടകം കൂടി ഈ സംഭവത്തിനാധാരമായി അടിവരയിട്ടു പറയാം; അവള്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരിയാണെന്നത്. എത്രയൊക്കെ നിഷേധിച്ചാലും ദഹിക്കാത്ത ഭക്ഷണമെന്ന പോലെ പുളിച്ചു തികട്ടിക്കൊണ്ടിരിക്കുന്ന ഒന്നാണ് നമ്മുടെയുള്ളിലെ വംശീയ വെറി. ആഫ്രിക്ക എല്ലായ്പ്പോളും നമുക്ക് 'ഇരുണ്ട ഭൂഖണ്ഡം' തന്നെയാണ്. അവിടെ സുഡാനിയും ടാന്‍സാനിയനും രണ്ടു രാജ്യക്കാരല്ല, മറിച്ച് കറുത്തവരാണ്. അതുകൊണ്ടു തന്നെയാണ് കുറ്റക്കാരനായ സുഡാന്‍ പൗരന് പകരം ടാന്‍സാനിയന്‍ യുവതിക്കു ജനക്കൂട്ടം കാട്ടാള നീതി നടപ്പാക്കിയത്.

ബംഗളുരുവില്‍ ഹെസാര്‍ഘട്ടയില്‍ ജനുവരി 31 നു അര്‍ദ്ധരാത്രിയിലാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്.സംഭവം നടന്നത് ഇങ്ങനെ; അക്രമം നടക്കുന്നതിനു അര മണിക്കൂര്‍ മുന്‍പ് ഒരു സുഡാന്‍ പൗരന്‍റെ കാറിടിച്ച് പ്രദേശവാസിയായ ഒരു യുവതി മരിച്ചു. ജനം ഓടിക്കൂടുന്നതിനു മുന്‍പേ അയാള്‍ രക്ഷപ്പെട്ടു. ഈ ആള്‍ക്കൂട്ടത്തിലേക്കാണ് ടാന്‍സാനിയന്‍ യുവതിയും സഹപാഠികളും ഒരു വാഗൺ-ആര്‍ കാറിലെത്തിയത്. കാറിടിച്ച വ്യക്തിയുടെ സുഹൃത്താണ് എന്നു തെറ്റിദ്ധരിച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. കാറില്‍ നിന്ന് പിടിച്ചിറക്കി യുവതിയെ മര്‍ദ്ധിക്കുകയായിരുന്നു. തുടര്‍ന്ന് വിവസ്ത്രയാക്കി റോഡിലൂടെ നടത്തിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും മര്‍ദ്ധനമേറ്റു. ആള്‍ക്കൂട്ടത്തില്‍ നിന്ന് യുവതിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയ യുവാവിനും മര്‍ദ്ധനമേറ്റു. കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ഒരു വിധത്തില്‍ രക്ഷപ്പെട്ടു ഒരു ബസില്‍ കയറിയപ്പോള്‍ ബസ്സിലെ യാത്രക്കാര്‍ ചേര്‍ന്ന് യുവതിയെ ഇറക്കിവിട്ടു. യുവതി സഞ്ചരിച്ചിരുന്ന കാറും തീയിട്ടു നശിപ്പിച്ചു. ഇതിനെല്ലാം ശേഷം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പരാതി പോലും സ്വീകരിക്കാന്‍ പോലീസ് മിനക്കെട്ടില്ല. സംഭവം വിവാദമായതിനെത്തുടര്‍ന്നു ഏതാനും ചിലരെ അറസ്റ്റു ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് കുപ്രസിദ്ധി നേടിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഭാരതം. എന്തിനധികം, നാട് കാണാന്‍ വരുന്ന വിദേശികള്‍ക്ക് പോലും രക്ഷയില്ല. കറുത്ത ശരീരങ്ങളെ അറപ്പോടെയും വെളുപ്പിനെ ആര്‍ത്തിയോടെയും കാണുന്നിടത്തോളം കാലം നമുക്കെങ്ങനെ 'അതിഥി ദേവോ ഭവ' എന്ന് പറയാനാകും?