ശ്രേയസിന്‍റെ നോവല്‍ ‘ഗബ്രിയാറ്റി:റൈസ് ഓഫ് ദി പ്രിസപ്റ്റര്‍’, ലോകശ്രദ്ധ പിടിച്ചുപറ്റുന്നു.

0

മലയാളിയായ ശ്രേയസ് എഴുതിയ 'ഗബ്രിയാറ്റി : റൈസ് ഓഫ് ദി പ്രിസപ്റ്റര്‍', മതത്തിന്‍റെ മറയില്‍ നടക്കുന്ന അക്രമരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന നോവല്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്നു.

വിശുദ്ധരുടെ ഉടുപ്പണിഞ്ഞു മതത്തിന്‍റെ പവിത്രത മറയാക്കി കുറ്റകൃത്യങ്ങളും, അക്രമങ്ങളും നടത്തുന്നവരോടായി "കരുതിയിരിക്കൂ യുവതലമുറ അറിവും, പ്രതികരണ ശേഷിയുള്ളവരുമാണ്" എന്ന മുന്നറിയിപ്പുമായി ശ്രേയസ് പള്ളിയാനി എഴുതിയ നോവല്‍ 'ഗബ്രിയാറ്റി, റൈസ് ഓഫ് ദി പ്രിസപ്റ്റര്‍' വാര്‍ത്താ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.

മലയാളിയും, ഇരുപത്തിനാലുകാരനുമായ ശ്രേയസിന്‍റെ ഈ കോണ്‍സ്പിറസി ഫിക്ഷന്‍ കഴിഞ്ഞ ജനുവരി എട്ടിനാണ് കേരള സാഹിത്യ അക്കാദമിയില്‍ ലോഞ്ച് ചെയ്തത്.

മാര്‍പാപ്പയുടെ സുരക്ഷാ സൈനിക തലവന്‍ നടത്തുന്ന കൊലപാതകങ്ങളുടെയും, അത് സംബന്ധിച്ചുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് ഈ നോവല്‍ കടന്നു പോകുന്നത്. എട്ടു രാജ്യങ്ങളിലായാണ് കഥ നടക്കുന്നത്. യാഥാര്‍ത്ഥ്യം, സാങ്കല്പികതയുമായി ചേര്‍ന്ന് മുന്നോട്ടു പോകുന്ന ഈ ത്രില്ലര്‍ സ്റ്റോറി വായനക്കാര്‍ക്ക് നല്ലൊരു അനുഭവവും, കൂടാതെ മതത്തിന്‍റെയും, മറ്റും പേരില്‍ അക്രമങ്ങള്‍ നടത്തുന്ന  മതഭ്രാന്തരെക്കുറിച്ചുള്ള അറിവും നല്കും.

സീക്രട്ട് സൊസൈറ്റിയെക്കുറിച്ചു കേള്‍ക്കാന്‍ ഇടയായത് ആണ് ഈ നോവലിന് പ്രചോദനമായതെന്നും, മൂവായിരം വര്‍ഷങ്ങളായി ജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാതിരുന്നത് എന്തോ അതാണ് കഥാനായകന്‍ ചെയ്യാന്‍ ശ്രമിക്കുന്നത് എന്നും ശ്രേയസ് പറഞ്ഞു. ആദ്യ സൃഷ്ടിക്കായ് ശ്രേയസ് രണ്ടര വര്‍ഷത്തെ പഠനങ്ങള്‍ ആണ് നടത്തിയത്. ലളിതമായ ഭാഷയും, ആഖ്യാന ശൈലിയിലുള്ള കയ്യടക്കവും കൊണ്ട് ആദ്യ നോവലിലൂടെ തന്നെ ഇന്ത്യന്‍ സാഹിത്യ മേഖലയില്‍ താരമായി മാറിയിരിക്കുകയാണ് ശ്രേയസ്. വായനക്കാരെ പിടിച്ചിരുത്തുന്ന ഈ നോവല്‍ വായിച്ചു തുടങ്ങിയാല്‍ മുഴുവനാക്കാതെ വായന നിര്‍ത്താന്‍ കഴിയില്ല. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്  മുതലായ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും നോവല്‍ സ്വന്തമാക്കാവുന്നതാണ്.

സൗദി അറേബ്യയില്‍ ജനിച്ചു വളര്‍ന്ന ശ്രേയസ് അല്‍ ഐന്‍, റിയാദ് എന്നിവിടങ്ങളിലാണ് പഠിച്ചത്. പിന്നീടു തൃശൂര്‍ ഗവണ്മെന്‍റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എഞ്ചിനീയറിംഗ് കഴിഞ്ഞു 'നാഷണല്‍ യൂണിവേര്‍സിറ്റി ഓഫ് സിംഗപ്പൂരില്‍' നിന്നും മാസ്റ്റേര്‍സ് എടുത്തതിനു ശേഷം സിംഗപ്പൂരില്‍ തന്നെ റോഡ് ട്രാന്‍സ്പോര്‍ട്ട് വിഭാഗം റിസര്‍ച്ച് എഞ്ചിനീയര്‍ ആയി ജോലി ചെയ്യുകയാണ്. നന്ദകുമാറിന്‍റെയും, മിനിയുടെയും മകനാണ്. ഒരു സഹോദരന്‍.

ഇനി അടുത്തത് മലയാളത്തില്‍ ഒരു നോവല്‍ എന്നതാണ് ലക്ഷ്യം എന്നും ശ്രേയസ് പറഞ്ഞു.