കാന്‍സര്‍ കാരണം സംസാരശേഷി നഷ്ടപ്പെട്ടവര്‍ക്കായി കൃത്രിമ നാക്ക്

0

ഓറല്‍ കാന്‍സര്‍ നിമിത്തം സംസാര ശേഷി ഭാഗികമായി നഷ്ടപ്പെട്ടവര്‍ക്കായി ജപ്പാനിലെ ഓകയാമ യൂണിവേര്‍സിറ്റിയിലെ ഗവേഷകര്‍ സംസാരിക്കുവാന്‍ സഹായിക്കുന്ന കൃത്രിമ നാക്ക് നിര്‍മ്മിച്ചു. യൂണിവേര്‍സിറ്റിയിലെ ഡന്റിസ്ട്രി പ്രൊഫസര്‍ ഷോഗോ മിനാഗിയും, സംഘവും ചേര്‍ന്നാണ് സംസാരിക്കാന്‍ സഹായിക്കുന്ന ഈ കൃത്രിമ അവയവം നിര്‍മ്മിച്ചിരിക്കുന്നത്.

അതേ യൂണിവേര്‍സിറ്റിയിലെ പ്രൊഫസര്‍ ആയ കൊസാകി ആണ് ഈ കണ്ടുപിടുത്തത്തിന് പ്രചോദനമായതെന്നു ഷോഗോ പറഞ്ഞു. കാന്‍സര്‍ വന്നതിനെ തുടര്‍ന്ന് കൊസാകിയുടെ നാവു രണ്ടായിരത്തിപതിനാലില്‍ മുറിച്ചു മാറ്റിയിരുന്നു. കൃത്രിമ നാക്ക് നിര്‍മ്മിക്കാന്‍ അദ്ദേഹമാണ് ഷോഗോയോട് ആവശ്യപ്പെട്ടത്. കണ്ടുപിടുത്തത്തിന്‍റെ ഓരോ ഘട്ടത്തിലും അദ്ദേഹത്തിന്‍റെ സഹായവും ടീമിന് ഉണ്ടായിരുന്നു.

ഒരു വ്യക്തിക്ക് നാക്ക് അണ്ണാക്കില്‍ തൊടാന്‍ സാധിച്ചാല്‍ മാത്രമേ സംസാരിക്കുവാന്‍ കഴിയൂ. കാന്‍സര്‍ വന്നു നാക്ക് മുറിച്ചു മാറ്റുന്നവര്‍ക്ക് ഇതിനു സാധ്യമല്ല. അതിനാല്‍ അവശേഷിച്ച നാക്കിനോട് ചേര്‍ന്ന് ചലിപ്പിക്കാന്‍ കഴിയുന്ന ഈ കൃത്രിമാവയവം  അണപ്പല്ലുമായി ഘടിപ്പിക്കുന്നു, ഇതിന്‍റെ ഒരു ഭാഗം അണ്ണാക്കിലും. മുറിച്ചു മാറ്റിയ നാക്കിന്‍റെ ബാക്കി ഭാഗം കൊണ്ട് കൃത്രിമ നാക്ക് മുകളിലേക്കും, താഴേക്കും ചലിപ്പിക്കുന്നതുവഴി രോഗിക്ക് സംസാരശേഷി വീണ്ടെടുക്കാന്‍ കഴിയുന്നു.

ഒരു ദന്ത വിദഗ്ദനു എളുപ്പം നിര്‍മ്മിക്കാന്‍ സാധിക്കുന്ന ഈ അവയവം ലോകം മുഴുവനും ഉള്ള ഇത്തരം കാന്‍സര്‍ രോഗികള്‍ക്ക് സഹായകരമാകട്ടെ എന്ന് ഷോഗോ പറഞ്ഞു. ഇത് വായില്‍ ഘടിപ്പിക്കാനും, കൂടാതെ മസിലുകള്‍ക്ക് ഈ അവയവവുമായി യോജിച്ചു പ്രവര്‍ത്തിക്കാനും കുറച്ചു മാസത്തെ പരിശ്രമവും, പരിശീലനവും വേണ്ടി വരും. എങ്കിലും സംസാര ശേഷി തിരിച്ചു പിടിക്കാന്‍ കഴിയുന്നത് രോഗികള്‍ക്ക് വലിയൊരു ആശ്വാസം ആയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.