വൈകല്യമുള്ള കുഞ്ഞിനോടും ട്രോള്‍ ക്രൂരത…..

0

സമൂഹമാധ്യമങ്ങളിലെ ട്രോള്‍ ക്രൂരതകള്‍ പലപ്പോഴും അതിരുവിടാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ട്രോള്‍കള്‍ ക്രൂരത കാട്ടിയതു ഒരു  കുഞ്ഞിനോടായിരുന്നു…ഒടുവില്‍ കുഞ്ഞിന്‍റെ അമ്മയുടെ കണ്ണുനീരിന് മുന്നില്‍ സമൂഹമാധ്യമം മാപ്പുപറഞ്ഞു തലയൂരി.

ടെക്സസില്‍ നിന്നുള്ള ജന്‍മനാ വൈകല്യമുള്ള കുഞ്ഞിനെ വെച്ചാണ് ചിലര്‍ തമാശ കാട്ടിയത്. ഫൈഫര്‍ സിന്‍ഡ്രവുമായി ജനിച്ച ജെംസണാണ് പഗ് നായക്കുട്ടിയോട് ഉപമിച്ചുണ്ടാക്കിയ ഇന്റര്‍നെറ്റ് തമാശകള്‍ക്ക് ഇരയായത്. മാസംതികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അപൂര്‍വമായി മാത്രം കാണപ്പെടുന്ന രോഗാവസ്ഥയാണ് ഫൈഫര്‍ സിന്‍ഡ്രം.തലച്ചോറിന്‍റെയും അസ്ഥികളുടെയും വളര്‍ച്ചയെ ബാധിക്കുന്നതിനാല്‍ സാധാരണ മുഖരൂപം ഇവര്‍ക്ക് ഉണ്ടാകാറില്ല. ഇതാണ് കുഞ്ഞിനെ നായ്‌ കുട്ടിയുമായി ഉപമിച്ചു ട്രോള്‍ ഉണ്ടാക്കാന്‍ ഉള്ള പ്രേരണ.

ഇതു കണ്ടു കുട്ടിയുടെ അമ്മ അലിസ്അന്‍ മേയര്‍ വളരെ വിഷമിച്ചു.ഒടുവില്‍ സമൂഹ മാധ്യമത്തില്‍ അവര്‍ തന്‍റെ മകന്‍റെ അവസ്ഥയെ കളിയാക്കുന്നവര്‍ക്ക് നൊമ്പരത്തോടെ ഒരു കുറിപ്പിട്ടു.ഇതു കണ്ടു ക്ഷമാപണവുമായി ട്രോളുകള്‍ ഷെയര്‍ ചെയ്തവരെത്തി. ജെംസൺ ഒരു യഥാര്‍ഥ കുട്ടിയാണെന്നു തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞാണ് ഇവരുടെ ക്ഷമാപണം. ഇത് ഫോട്ടോഷോപ്പില്‍ ചെയ്തെടുത്തതാണെന്നായിരുന്നു ഇവരുടെ ധാരണ.

സമാന രോഗബാധിതരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായി ബന്ധപ്പെടുന്നതിനും അവര്‍ക്ക് ആശ്വാസമാകുന്നതിനുമായി കുട്ടിയുടെ അമ്മ  ജെംസൺസ് ജേണി എന്ന പേരില്‍ ഒരു ബ്ലോഗ് എഴുതുന്നുണ്ട്. ഇതില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ കവര്‍ന്നെടുത്തായിരുന്നു ട്രോളുകളുണ്ടാക്കിയതും പ്രചരിപ്പിച്ചതും.

എന്തായാലും ട്രോളുകള്‍ പ്രചരിപ്പിക്കും മുന്നേ അതു എത്ര പേരുടെ കണ്ണുനീരിന് കാരണമാകും എന്ന് ഒരു മാത്ര ഇത്തരം ട്രോള്‍വീരന്മാര്‍ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.