കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ (2015) മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു.
'ചാര്‍ലി'യിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാനാണ് മികച്ച നടനുള്ള പുരസ്ക്കാരം. 'എന്ന് നിന്റെ മൊയ്തീനി'ലെ കാഞ്ചനമാലയ്ക്കും, 'ചാര്‍ലി'യിലെ ടെസ്സയ്ക്കും ഭാവം പകര്‍ന്ന പാര്‍വ്വതിയാണ് മികച്ച നടി. സനല്‍കുമാര്‍ ശശിധരന്റെ 'ഒഴിവു ദിവസത്തെ കളിയാണ്' മികച്ച കഥാചിത്രമായി തിരഞ്ഞെടുത്തത്. മനോജ് കാനയുടെ 'അമീബ'യാണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം, 'ചാര്‍ലി'.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം 'ചാര്‍ലി'യ്ക്ക് തിരക്കഥയൊരുക്കിയ ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ കരസ്ഥമാക്കി. മികച്ച കഥയ്ക്കുള്ള അവാര്‍ഡ് ഹരികുമാറിന്റെ 'കാറ്റും മഴ'യ്ക്കുമാണ്. മികച്ച കുട്ടികളുടെ ചിത്രം തോമസ് ദേവസ്യയുടെ 'മാലയോട്ടം'.
'ഇടവപ്പാതി', 'എന്ന് നിന്റെ മൊയ്തീന്‍' എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിന് രമേശ് നാരായണന്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടി. 'എന്ന് നിന്റെ മൊയ്തീനി'ലെ "കാത്തിരുന്നു കാത്തിരുന്നു…" എന്ന ഗാനത്തിന് വിരഹത്തിന്റെ നോവ് നിറഞ്ഞ വരികള്‍ രചിച്ച റഫീക്ക് അഹമ്മദ് ആണ് മികച്ച ഗാന രചയിതാവ്. മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ ബിജിപാല്‍ ആണ്, ചിത്രങ്ങള്‍ 'പത്തേമാരി', 'നീന'.
'ജിലേബി', 'എന്നും എപ്പോഴും', 'എന്ന് നിന്റെ മൊയ്തീന്‍' എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ച ഭാവ ഗായകന്‍ പി. ജയചന്ദ്രന്‍ ആണ് മികച്ച ഗായകന്‍. 'ഇടവപ്പാതി'യിലെ ഗാനത്തിന് മധുശ്രീ നാരായണന് ആണ് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ്.
മറ്റു അവാര്‍ഡുകള്‍ :
മികച്ച സ്വഭാവ നടന്‍ : പ്രേം പ്രകാശ് (ചിത്രം – നിര്‍ണ്ണായകം)
മികച്ച സ്വഭാവ നടി : അഞ്ജലി പി വി (ചിത്രം – ബെന്‍)
മികച്ച ബാലതാരങ്ങള്‍ :
ഗൗരവ് മേനോന്‍ : (ചിത്രം – ബെന്‍)
ജാനകി മേനോന്‍ : (ചിത്രം – മാല്‍ഗുഡി ഡേയ്സ്)
ഛായാഗ്രാഹകന്‍ : ജോമോന്‍ ടി ജോണ്‍ (ചിത്രങ്ങള്‍ – എന്ന് നിന്റെ മൊയ്തീന്‍, നീന)
എഡിറ്റര്‍ : മനോജ് (ചിത്രം – ഇവിടെ)
കലാ സംവിധാനം : ജയശ്രീ ലക്ഷ്മി നാരായൺ (ചിത്രം – ചാര്‍ലി)
ശബ്ദ മിശ്രണം : എം ആര്‍ രാധാകൃഷ്ണന്‍ (ചിത്രം – ചാര്‍ലി)
നവാഗത സംവിധാനം : ശ്രീബാല കെ മേനോന്‍ (ചിത്രം – ലവ് 24×7)
നൃത്ത സംവിധായകന്‍ : ശ്രീജിത്ത് (ജോ ആന്‍ഡ് ദി ബോയ്)
വസ്ത്രാലങ്കാരം : നിസ്സാര്‍ (ജോ ആന്‍ഡ് ദ ബോയ്)
മേക്കപ്പ് : രാജേഷ് നെന്മാറ (നിര്‍ണ്ണായകം)
ഡബ്ബിങ്ങ് : ശരത് (ചിത്രം – ഇടവപ്പാതി),
ഏഞ്ചല്‍ ഷിജോയ് (ചിത്രം – ഹരം)
ചലച്ചിത്ര ഗ്രന്ഥം : കെ. ജി ജോര്‍ജ്ജിന്റെ ചലച്ചിത്ര യാത്രകള്‍ ( കെ ബി വേണു)
സിനിമ ആര്‍ട്ടിക്കിള്‍ : സില്‍വര്‍ സ്ക്രീനിലെ എതിര്‍നോട്ടങ്ങള്‍ (അജു കെ നാരായൺ)
കാഞ്ചന മാലയുടെ പ്രണയത്തിന്റെയും, കാത്തിരിപ്പിന്റെയും കഥ പറഞ്ഞ 'എന്ന് നിന്റെ മൊയ്തീന്‍' ആണ് ജനപ്രിയ ചിത്രം. 'സു സു സുധി വാത്മീകത്തിലെയും', 'ലുക്കാ ചുപ്പി'യിലെയും അഭിനയ മികവിന് ജയസൂര്യയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ട്. ജോയ് മാത്യുവിനും ജൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ട്. അമര്‍ അക്ബര്‍ ആന്റണിയിലെ "എന്നോ ഞാനെന്റെ മുറ്റത്തെ മുല്ലയ്ക്ക്…" എന്ന മനോഹര ഗാനമാലപിച്ച ശ്രേയയ്ക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ട്.
അവാര്‍ഡിന് 36 കാറ്റഗറികളിലായി എഴുപതോളം ചിത്രങ്ങളാണ് മത്സരിച്ചത്. ചാര്‍ലിയും, എന്ന് നിന്റെ മൊയ്തീനുമാണ് ഇത്തവണ അവാര്‍ഡുകളില്‍ ഏറെയും സ്വന്തമാക്കിയത്. മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, മഞ്ജു വാര്യര്‍, അമലാ പോള്‍ തുടങ്ങിയ വന്‍ താരനിരയായിരുന്നു മികച്ച നടനും, മികച്ച നടിയ്ക്കുമായുള്ള പുരസ്ക്കാരത്തിനായുള്ള ലിസ്റ്റില്‍ ഉണ്ടായിരുന്നത്.