മധുരമൂറും വരികളുമായ് മനോജ്‌ മനയില്‍

0

ഏറെ നാളുകള്‍ക്ക് ശേഷമാണ് ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാന്‍ ഒരു നല്ല താരാട്ട് പാട്ട് മലയാള സിനിമയ്ക്ക് ലഭിച്ചത്. കണ്മണി കുഞ്ഞിനെ കൊഞ്ചിയ്ക്കാന്‍ മുകിലിനെ കൂട്ട് വിളിക്കുന്ന അമ്മ മനസ്സിന്‍റെ സ്നേഹം തുളുമ്പുന്ന സ്വരം ചിത്ര ചേച്ചിയുടെ മധുര ശബ്ദത്തില്‍ താരാട്ടായ് നമുക്ക് ലഭിച്ചപ്പോള്‍, മലയാള സിനിമയ്ക്ക് ലഭിച്ചത് മനോജ്‌ മനയില്‍ എന്ന നല്ലൊരു ഗാന രചയിതാവിനെയാണ്.

മലയാള സിനിമാ ഗാനങ്ങളെ അത്യുന്നതിയില്‍ പ്രതിഷ്ഠിച്ച വയലാര്‍, ഭാസ്കരന്‍ മാസ്റ്റര്‍, ഒഎന്‍വി തുടങ്ങിയ മഹാരഥന്മാരുടെ അഭാവം ഒരുപക്ഷെ മലയാള സിനിമയ്ക്ക് ഇനി ഉണ്ടാവില്ല എന്ന് തന്നെ ആശ്വസിക്കാം. മലയാളത്തിന്‍റെ മണമുള്ള ഒരു പിടി നല്ല ഗാനങ്ങളാണ് നവാഗത സംവിധായകന്‍ ലോഹിത് മാധവ് സംവിധാനം ചെയ്ത 'ചെന്നൈ കൂട്ടം' എന്ന ചിത്രത്തിന് വേണ്ടി മനോജ്‌ മനയില്‍ രചിച്ചത്. സാജന്‍ കെ റാം സംഗീത സംവിധാനം നിര്‍വ്വഹിച്ചു, ചിത്ര ചേച്ചി ആലപിച്ച,

"കണ്മണി കുഞ്ഞിനു പൊട്ടു കുത്താന്‍,
നല്ല ചന്ദന പൂമണി പന്തലിട്ട്,
ആടിവാ മുകിലേ നീയാലോലം,
പിഞ്ചിളം പദമായ് മായാലോലം…"

എന്ന താരാട്ട് പാട്ടും, നജിം അര്‍ഷാദും സുജാത ചേച്ചിയും ആലപിച്ച,

"പെണ്ണ് പെണ്ണ് വേളി പെണ്ണ്,
കണ്ണ് കണ്ണ് നീലക്കണ്ണ്,
കണ്ടാല്‍ തൊട്ടു നോക്കാന്‍ മോഹമായ്…"

എന്ന മനോഹരമായ പ്രണയ ഗാനവും, "മാട്ട് പൊങ്കലോ ഒരു പാട്ടിന്‍ മഞ്ചലോ…" എന്ന് തുടങ്ങുന്ന ചടുല ഗാനവുമാണ് രചിച്ചത്.

അമൃത, മഴവില്‍ മനോരമ, ഫ്ലവേര്‍സ്, തുടങ്ങിയ ചാനലുകളില്‍ നിരവധി ജനപ്രിയ പരിപാടികള്‍ പ്രൊഡ്യൂസ് ചെയ്ത മനോജ്‌ മനയില്‍ ഇപ്പോള്‍ ജനം ടിവി പ്രോഗ്രാം ഹെഡ് ആണ്. ചാനലുകള്‍ വരും മുന്‍പ്,ആകാശവാണിയില്‍ വന്നു കൊണ്ടിരുന്ന പല ലളിത ഗാനങ്ങളുടെയും വരികള്‍ രചിച്ചത്  ഇദ്ദേഹമായിരുന്നു കൂടാതെ നിരവധി കവിതകളും രചിച്ചിട്ടുണ്ട്.
അമൃതയിലെ 'സന്ധ്യാദീപം', 'കഥയല്ലിതു ജീവിതം', മഴവില്‍ മനോരമയിലെ 'വെറുതെയല്ല ഭാര്യ', തുടങ്ങിയ പരിപാടികളുടെ ടൈറ്റില്‍ സോങ്ങ് രചിച്ചതും ഇദ്ദേഹമാണ്.

ഡി സി ബുക്സിന്‍റെ 'പരഹംസര്‍ പറഞ്ഞ കഥകള്‍',  'പഴഞ്ചൊല്‍ കഥകള്‍'  ഇവ പുതിയ പുസ്തക രചനകള്‍ ആണ്. കൂടാതെ കുട്ടികള്‍ക്കായ് വേറെ നാല് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

എഴുത്തിന്‍റെ രംഗത്തേക്ക് വരുന്നവര്‍ക്കായ് രണ്ടു വാക്ക് പ്രവാസി എക്സ്പ്രസ്സുമായി പങ്കു വയ്ക്കാമോ?

"എഴുത്തിന്‍റെ രംഗത്തേക്ക് വരുന്നവര്‍, പ്രത്യേകിച്ച് കവിതയുടെ കാമുകര്‍ പദസമ്പത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആയിരം കവിത വായിച്ചാല്‍ അരക്കവി എന്നൊരു ശൈലിയുണ്ട് മലയാളത്തില്‍. വായനയാണു ഇതിനുള്ള എളുപ്പവഴി. മണ്മറഞ്ഞുപോയ മഹാരഥന്മാര്‍ അവശേഷിപ്പിച്ചു പോയ അനര്‍ഘമായ സാഹിത്യ പൈതൃകം നാം നെഞ്ചേറ്റണം. എഴുത്തച്ഛന്‍റെ അധ്യാത്മ രാമായണം രണ്ടാവര്‍ത്തി വായിച്ചാല്‍ നമ്മില്‍ കവിതയുടെ കൂമ്പു മുളയ്ക്കും. നിറഞ്ഞ പാത്രത്തില്‍ നിന്നേ എടുക്കാന്‍ കഴിയുകയുള്ളു എന്നു പറയുന്നതു പോലെ അകത്തെന്തുണ്ട് എന്നതിനെ അനുസരിച്ചിരിക്കും പുറത്തേക്ക് എന്തു വരുന്നു എന്നുള്ളത്".

കണ്മണി കുഞ്ഞിനു പൊട്ടു കുത്താന്‍: