വേനലില്‍ തളരാതിരിയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

0

പ്രകൃതിയെ മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്കൊപ്പം മാറ്റിയപ്പോള്‍ ഋതുക്കളുടെ താളം നഷ്ടപ്പെട്ടു. വേനലില്‍ ഉരുകുകയാണ് ഇന്ത്യ.  ആഗോള താപനം നാള്‍ക്കുനാള്‍ ഉയരുകയാണ്. പച്ചപ്പ്‌ നഷ്ടപ്പെട്ടു കോണ്‍ക്രീറ്റ് കെട്ടിടങ്ങളും, റോഡുകളും, വാഹനങ്ങളും നിറഞ്ഞപ്പോള്‍ പ്രകൃതിയോടൊപ്പം നമ്മള്‍ മനുഷ്യരും താപത്താല്‍ വെന്തുരുകാന്‍ തുടങ്ങി.  ജീവിതശൈലി ഏറെ മാറി എങ്കിലും നമുക്ക് പാലിക്കാം ദിനചര്യയ്ക്കൊപ്പം ഋതുചര്യയും, നല്ല ജീവിതത്തിനായ്, വേനലിനെ അതിജീവിക്കാനായ്.
 
വേനലില്‍ തളരാതിരിക്കാന്‍ പത്ത് മാര്‍ഗ്ഗങ്ങള്‍ 
 
1  ധാരാളം വെള്ളം കുടിയ്ക്കുക : നിര്‍ജ്ജലീകരണം തടയുക എന്നതാണ് വേനലില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം. ദിവസവും ധാരാളം വെള്ളം കുടിയ്ക്കുക. ഒരു നേരം മാത്രം  കൂടുതല്‍ ജലം എന്നല്ലാതെ പല നേരങ്ങളിലായി ആവശ്യത്തിനു വെള്ളം കുടിയ്ക്കുക. എപ്പോഴും ശരീരം ഹൈഡ്രെറ്റ് (ജലാംശം നിലനിര്‍ത്തുക) ആയിരിക്കാന്‍ ശ്രദ്ധിക്കുക. മണ്‍കൂജയില്‍ തുളസിയില ഇട്ടു വയ്ക്കുന്ന ജലം കുടിയ്ക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഇളനീര്‍, മോര്, ചെറുനാരങ്ങ വെള്ളം, പഴങ്ങള്‍ കൊണ്ടുള്ളതോ പച്ചക്കറികള്‍ കൊണ്ടുള്ളതോ ആയ ജ്യൂസുകള്‍, ഉണക്ക മുന്തിരി കുതിര്‍ത്തു ഉണ്ടാക്കിയ വെള്ളം, ദാഹശമനികള്‍ ചേര്‍ത്ത് തിളപ്പിച്ച്‌ ആറ്റിയ ജലം വേനലില്‍ ധാരാളം കുടിയ്ക്കാം. ജ്യൂസില്‍ കഴിയുന്നതും മധുരം ചേര്‍ക്കാതെയോ, കുറച്ചു മാത്രം ചേര്‍ത്തോ ഉപയോഗിക്കാം. ഉപ്പു ചേര്‍ത്ത കഞ്ഞി വെള്ളവും ക്ഷീണത്തിന് വളരെ നല്ലതാണ്. കഴിയുന്നതും ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച വെള്ളം കുടിയ്ക്കാതിരിക്കുക. കോഫി, കോള, ആല്‍ക്കഹോള്‍ അടങ്ങിയ ഡ്രിങ്കുകള്‍, സോഫ്റ്റ്‌ ഡ്രിങ്കുകള്‍ ഒഴിവാക്കുക.
 
2  ആഹാരത്തിലെ ചിട്ടകള്‍ : എരുവ്, പുളി, മസാല മുതലായവ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ശരീരത്തിന് തണുപ്പ് നല്‍കുന്ന തരത്തിലുള്ള ഭക്ഷങ്ങള്‍ കഴിക്കുക. തണ്ണിമത്തന്‍ പോലുള്ള പഴങ്ങളും, കക്കിരി, കാരറ്റ് പോലുള്ള പച്ചക്കറികള്‍ ചേര്‍ത്തുള്ള സാലഡും ധാരാളം കഴിക്കുക. ശരീരത്തിനു ചൂട് ഉണ്ടാക്കുന്ന ചിക്കന്‍ പോലുള്ള വര്‍ഗ്ഗങ്ങള്‍ , എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, മൈദ കൊണ്ടുള്ള ആഹാരങ്ങള്‍ ഒഴിവാക്കുക. 
 
3  വസ്ത്രങ്ങള്‍ : വേനല്‍ക്കാലത്തെ വസ്ത്രധാരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. ശരീരം മുഴുവനും മൂടുന്നതോ, ഇറുകി പിടിച്ചതോ, കടും നിറങ്ങളില്‍ ഉള്ളതോ ആയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. ഇളം നിറങ്ങളില്‍ ഉള്ളതും, വായു സഞ്ചാരം ഉള്ളതും, കട്ടി കുറഞ്ഞതുമായ വസ്തങ്ങള്‍ ഉപയോഗിക്കുക. കോട്ടന്‍ പോലുള്ള തുണികള്‍ ആണ് വേനല്‍ക്കാലത്ത് നല്ലത്. ഷോര്‍ട്ട്സ്, ഹാഫ് സ്ലീവ് ഷര്‍ട്ടുകള്‍  ഒക്കെയാകും വേനല്‍ക്കാലത്ത് നല്ലത്. വെയിലേല്‍ക്കാനുള്ള സാഹചര്യം കൂടുതല്‍ ആണെങ്കില്‍ ശരീരം മൂടുന്ന തരത്തിലുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാം. കഴിയുന്നതും ഷൂ ഉപയോഗിക്കാതെ ചപ്പലുകള്‍ ഉപയോഗിക്കുക, ഷൂ ഉപയോഗിക്കുകയാണെങ്കില്‍ ഇളം നിറങ്ങളില്‍ ഉള്ളതും, വായു സഞ്ചാരം ഉള്ളതുമായ സോക്സുകള്‍ ഉപയോഗിക്കുക. 
 
4  വ്യായാമം : കഴിയുന്നതും വേനലില്‍  ചെറിയ തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുക. യോഗയാണ് വേനലില്‍ ശരീരത്തിന് കൂടുതല്‍ നല്ലത്. ഔട്ട്‌ഡോര്‍ സ്പോര്‍ട്സ് ഒഴിവാക്കി  ഇന്‍ഡോര്‍ സ്പോര്‍ട്സ് തെരഞ്ഞെടുക്കുക. വേനലില്‍ കഴിയുന്നതും മണ്ണില്‍ ഉള്ള കളികള്‍ ഒഴിവാക്കുക. പല രോഗങ്ങളും വരാന്‍ ഇത് ഇടയാക്കും. കാലത്ത് എട്ടു മണിക്ക് മുന്പായോ, വൈകീട്ട് നാലിന് ശേഷമോ കളിക്കാനും, നടക്കാനോ, ഓടാനോ ആയി തിരഞ്ഞെടുക്കുക.
 
5  വെയിലില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിയ്ക്കുക : വെയില്‍ നേരിട്ട് ഏല്‍ക്കാനുള്ള സാഹചര്യം ഉണ്ടെങ്കില്‍ സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കുക. ബീച്ച്, സ്വിമ്മിംഗ് പൂള്‍ ഇവിടങ്ങളില്‍ ആണെങ്കില്‍ വാട്ടര്‍ പ്രൂഫ്‌ സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കാം. ദേഹം മുഴുവനും ക്രീം പുരട്ടുന്നത് വഴി സണ്‍ബേണ്‍  (കരുവാളിയ്ക്കുക) ഉണ്ടാകാതെ ചര്‍മ്മത്തെ സംരക്ഷിക്കാം. അതുപോലെ പുറത്തു പോകുമ്പോള്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കുക.
 
6  കുളി : നല്ല തണുത്ത ജലത്തില്‍ കാലത്തും, വൈകീട്ടും കുളിക്കുക. ചൂടുകുരു പോലുള്ള പല ചര്‍മ്മ രോഗങ്ങളും, ചിക്കന്‍പോക്സ് പോലുള്ള പകര്‍ച്ച വ്യാധികളും വേനലില്‍ വരാന്‍ സാധ്യത കൂടുതലാണ്. ശരീരം എപ്പോഴും ശുചിയായിരിക്കാന്‍ ശ്രദ്ധിക്കുക. പുറത്തു പോയി വന്നയുടന്‍ കുളിക്കുക. തളര്‍ന്നു വരികയാണെങ്കില്‍ അല്പം വിശ്രമിച്ച ശേഷമേ കുളിയ്ക്കാന്‍ പാടുള്ളൂ. എണ്ണയോ, തേങ്ങപ്പാലോ  തേച്ചു കുളിക്കാം. കഴുകാന്‍ ചെറുപയര്‍ പൊടിയോ, ആയുര്‍വേദ കടകളിലും മറ്റും കിട്ടുന്ന പൊടികളോ ഉപയോഗിക്കാം. നെല്ലിക്ക വെള്ളത്തില്‍ തല കഴുകുന്നത് വളരെ നല്ലതാണ്.
 
7  അസുഖം വരാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക : വേനലിലാണ് പല ചര്‍മ്മ രോഗങ്ങളും, നേത്ര രോഗങ്ങളും, പകര്‍ച്ച വ്യാധികളും, യൂറിനറി ഇന്ഫെക്ഷനും ഉണ്ടാകാന്‍ കൂടുതല്‍ സാധ്യത. ധാരാളം വെള്ളം കുടിയ്ക്കുക. രോഗ പ്രതിരോധ ശക്തിയുണ്ടെങ്കില്‍ പല അസുഖങ്ങളും വഴി മാറും. പോഷകാഹാരം നിര്‍ബന്ധമാക്കുക, ദേഹം ഇപ്പോഴും ശുചിയാക്കി വയ്ക്കുക. പകര്‍ച്ച വ്യാധികള്‍ ഉള്ളവരുമായി നേരിട്ട് ഇടപഴകാതിരിക്കുക.
 
8  വൃദ്ധര്‍, കുഞ്ഞുങ്ങള്‍, രോഗികള്‍ ശ്രദ്ധിയ്ക്കാന്‍ ‍: വേനലില്‍ വൃദ്ധരും, ചെറിയ കുഞ്ഞുങ്ങളും, അസുഖം ഉള്ളവരും കഴിയുന്നതും പുറത്തു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇനി പോകുകയാണെങ്കില്‍ മതിയായ മുന്‍കരുതലുകള്‍ എടുക്കുക. സൂര്യഘാതം ഉണ്ടാകാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളം, ഗ്ലൂക്കോസ് മുതലായവ എപ്പോഴും കയ്യില്‍ കരുതുക. ജലാംശം കുറയുന്നതും, വിയര്‍ക്കുന്നതും തലകറക്കം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ചൂട് കൂടുമ്പോള്‍ വിശപ്പ്‌ കുറയും. പ്രമേഹ രോഗികളും മറ്റും നേരത്തിനു ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.
 
9  കണ്ണുകള്‍ സംരക്ഷിയ്ക്കുക : വേനലില്‍ നേത്ര രോഗങ്ങള്‍ വരാന്‍ സാധ്യത ഏറെയാണ്‌. സൂര്യ പ്രകാശം കണ്ണില്‍ നേരിട്ട് പതിക്കാതെ ശ്രദ്ധിക്കുക. അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ പതിക്കാത്ത തരത്തിലുള്ള കണ്ണടകള്‍ ധരിക്കുക. കണ്‍രോഗങ്ങള്‍ ഉള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക. മുഖവും, കണ്ണുകളും പലപ്പോഴും ആയി കഴുകുക. കണ്ണില്‍ കക്കിരി, വെള്ളരി, പനിനീര്‍ നനച്ച തുണി ഏതെങ്കിലും ദിവസവും കുറച്ചു നേരം വയ്ക്കുക. സുറുമ ഉപയോഗിക്കുന്നത് കണ്ണിനു തണുപ്പ് നല്‍കും.
 
10  പ്രകൃതിയെ പരിപാലിക്കുക:- ഇതിന് എല്ലാറ്റിനും പുറമേ പ്രകൃതിയെ പരിപാലിക്കുക, എങ്കില്‍ പ്രകൃതി നമ്മള്‍ മനുഷ്യരെയും സംരക്ഷിക്കും. ചെടികളും, മരങ്ങളും  വെച്ചു പിടിപ്പിക്കുക. കിണറുകളും, കുളങ്ങളും, പുഴകളും വറ്റിച്ചു നികത്താതെ സംരക്ഷിയ്ക്കുക, ഒപ്പം പ്രകൃതിയിലെ മ&#3377