മിനിറ്റില്‍ 7000 പേര്‍ക്ക് ടിക്കറ്റ് റെയില്‍വേ ലഭ്യമാക്കാന്‍ ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ്

0

മിനിറ്റില്‍ 7000 പേര്‍ക്ക് ഓണ്‍ലൈനില്‍ റെയില്‍വേ ടിക്കറ്റ്  ലഭ്യമാക്കാന്‍ ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിൽ സൗകര്യമൊരുങ്ങുന്നു.ഈ സൗകര്യം ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ദാതാക്കളായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC). അടുത്ത ഏപ്രിലില്‍ പുതിയ രൂപത്തിലായിരിക്കും ഐ.ആര്‍.സി.ടി.സി.യുടെ വെബ്‌സൈറ്റ് നിലവിൽ വരിക. വെബ്‌സൈറ്റിന്റെ രൂപകല്‍പ്പന അവസാനഘട്ടത്തിലാണെന്നും സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരീക്ഷിച്ചുവരികയാണെന്നും ഐ.ആര്‍.സി.ടി.സി. അറിയിച്ചു. നിലവിലുള്ള സൈറ്റ് പലപ്പോഴും പ്രവര്‍ത്തനരഹിതമാകുന്നുവെന്ന് സ്ഥിരം പരാതിയുണ്ട്. ഈ പരാതികള്‍ പരിഹരിക്കുക കൂടിയാണ് ലക്ഷ്യമെന്നും ഐ.ആര്‍.സി.ടി.സി. വക്താവ് പറഞ്ഞു.

നിലവില്‍ മിനിറ്റില്‍ രണ്ടായിരം പേര്‍ക്ക് ടിക്കറ്റ് ബുക്കുചെയ്യാനുള്ള സൗകര്യമേ ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റില്‍ ഉള്ളൂ. ഇത് 7000 പേര്‍ക്കായി വര്‍ധിപ്പിക്കാനാണ് പരിപാടി. ഇതിനായി പുതിയ ഹാര്‍ഡ്‌വേര്‍, സോഫ്റ്റ്‌വേര്‍, ഡാറ്റാ സെന്റര്‍ എന്നിവയെല്ലാം തയ്യാറായിക്കഴിഞ്ഞു. പുതിയ വൈബ്‌സൈറ്റാണ് ഇതിനായി ഐ.ആര്‍.സി.ടി.സി. ഒരുക്കുന്നത്. ഈ സൈറ്റില്‍ ടിക്കറ്റ് ബുക്ക്‌ചെയ്യല്‍ കൂടുതല്‍ എളുപ്പവുമാകും. 

നേരത്തേ ടിക്കറ്റ് ബുക്കിങ്ങിനും മറ്റുമായി റെയില്‍വേ തങ്ങളുടേതായി പുതിയ വെബ്‌സൈറ്റ് രൂപപ്പെടുത്തിയിരുന്നു. കുറച്ചുകാലം യാത്രക്കാര്‍ ഇതിലൂടെ ടിക്കറ്റ് ബുക്ക്‌ചെയ്യുകയുമുണ്ടായി. എന്നാല്‍, പ്രധാന ബാങ്കുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ കഴിയാതെപോയതും ചില സാങ്കേതിക പ്രശ്‌നങ്ങളും കാരണം ഈ സൈറ്റില്‍നിന്ന് ടിക്കറ്റ് നല്‍കാനുള്ള സൗകര്യം എടുത്തുമാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഐ.ആര്‍.സി.ടി.സി.യുടെ ടിക്കറ്റ് ബുക്കിങ്ങിനുള്ള ശേഷി വര്‍ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. ജനങ്ങളുടെ പരാതിമൂലം ഉപഭോക്തൃകോടതിയും ഇതില്‍ ഇടപെട്ടിരുന്നു.