നമ്മള്‍ സാധാരണമനുഷ്യര്‍ക്ക് ഒന്നും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തൊരു ജീവിതമാണ് ആച്ച്‌ലി കുടുംബം കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ജീവിച്ചു തീര്‍ക്കുന്നത്. കാരണം ഈ ലോകത്ത് അവര്‍ ജീവിക്കുന്നത് അത്തരമൊരു സാഹചര്യത്തിലാണ്. സമാധാനവും ശാന്തതയും ആഗ്രഹിക്കുന്നവര്‍ ആണ് നമ്മള്‍ മനുഷ്യര്‍. എന്നാല്‍ ഉള്ളതെല്ലാം വിട്ടു മനുഷ്യവാസം പേരിനു പോലുമില്ലാത്ത ഒരു സ്ഥലത്ത് പോയി താമസിക്കാന്‍ നമ്മുക്കാകുമോ ? അവിടെയാണ് ഈ കുടുംബം വ്യത്യസ്തരാകുന്നത്.
മഞ്ഞുമൂടിയ അലാസ്കയിലെ ഒരു ഒറ്റപ്പെട്ട പ്രദേശത്താണ് ഡേവിഡും റോമിയും 13കാരന്‍ മകന്‍ സ്‌കൈയും അടങ്ങുന്ന ഈ കുടുംബം കഴിയുന്നത്. ഇവര്‍ മൂവരുമല്ലാതെ മറ്റൊരു മനുഷ്യനെ കാണണമെങ്കില്‍ 250 മൈല്‍ ദൂരം സഞ്ചരിക്കേണ്ടി വരുമെന്നു പറയുമ്പോള്‍ ഊഹിക്കാമല്ലോ ആ ഏകാന്തത. ഫെയര്‍ബാങ്ക് ആണ് തൊട്ടടുത്തുള്ള നഗരം. തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഇവര്‍ക്ക് യാതൊരു ആശങ്കയുമില്ല. അയല്‍വാസികളാവട്ടെ ക്രൂരന്മാരായ കരടികളും വിശന്നുവലഞ്ഞ ചെന്നായ്ക്കളും. കൂടാതെ കാട്ടുതീ, കടുത്ത മഞ്ഞ് എന്നീ ഭീഷണികള്‍ വേറെയും. താപനിലയാവട്ടെ മൈനസ് 65 ഡിഗ്രിയും.ബ്രിട്ടീഷ് ഫോട്ടോ ജേര്‍ണലിസ്റ്റായ എഡ് ഗോള്‍ഡാണ് ഈ കുടുംബത്തിന്റെ ഏകാന്തവാസത്തിന്റെ കഥ പുറത്തു കൊണ്ടുവന്നത്. കോള്‍ചെസ്റ്റര്‍ ഫസ്റ്റ്‌സൈറ്റ് ഗാലറിയില്‍ ഇവരുടെ ജീവിത പശ്ചാത്തലം വിശദീകരിക്കുന്ന ഫോട്ടോകളുടെ പ്രദര്‍ശനവും ഗോള്‍ഡ് സംഘടിപ്പിച്ചു.
ഇവരുടെ ജീവിതരീതി മറ്റു മനുഷ്യരില്‍ നിന്നും അല്‍പം വ്യത്യസ്ഥമാണ്. അലാസ്കയിലെ വെളിച്ചത്തെ അടിസ്ഥാനമാക്കിയുള്ള സമയക്രമമാണ് ഇവരുടേത്. രണ്ടു വര്‍ഷത്തേക്കു വേണ്ടുന്ന ടിന്‍ ഭക്ഷണം ഇവര്‍ സൂക്ഷിക്കുന്നു. മകന്‍ സ്‌കൈയ്ക്ക് വേണ്ടുന്ന അറിവുകളെല്ലാം പകര്‍ന്നു കൊടുക്കുന്നത് മാതാപിതാക്കളാണ്. ഇന്റര്‍നെറ്റില്ലാത്ത ലോകത്തേക്ക് ഈ കുടുംബം എത്തിപ്പെടുന്നത് 1999ലാണ്. അതിജീവനത്തിനു വേണ്ട പ്രാഗത്ഭ്യം നേടിയതിനു ശേഷമാണ് ഡേവിഡും റോമിയും ഈ വിദൂര സ്ഥലത്തേക്കു വരുന്നത്. ഇപ്പോള്‍ 52 വയസുള്ള ഡേവിഡിന് മുമ്പ് നഗരത്തിലായിരുന്നു ജോലി, 44 വയസുള്ള റോമി മുമ്പ് ഒരു ഹോട്ടലിലെ പരിചാരികയായിരുന്നു. മകനെക്കൂടാതെ വളര്‍ത്തു നായ ചാര്‍ളി മാത്രമാണ് ഇവരുടെ കൂടെയുള്ളത്്.വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം റോമിയും മകനും സ്വന്തം കുടുംബാംഗങ്ങളെ കാണാനായി അലബാമയിലേക്കു പോകാറുണ്ട്.
ആച്ച്‌ലി കുടുംബത്തിന്റെ കഥ ഫോട്ടോഗ്രാഫര്‍ എഡ് ഗോള്‍ഡ് ട്രാവലിംഗ് മാഗസിനായ വില്‍സ്റ്റിലാണ് പ്രസിദ്ധീകരിച്ചത്. മൂന്നാഴ്ച ഇവരോടൊപ്പം ചിലവഴിച്ചാണ് ഗോള്‍ഡ് ഇവരുടെ വ്യത്യസ്ഥമായ ജീവിതം ചിത്രീകരിച്ചത്.