‘വെള്ളിമൂങ്ങ’ ടീമിന്റെ ഒത്തൊരുമിക്കലാണ് ആദ്യരാത്രി എന്ന സിനിമയുടെ ഒരേ ഒരു പ്രത്യേകത. അതിനപ്പുറം വെള്ളിമൂങ്ങ പോലെ ഒരു എന്റർടൈനറൊരുക്കാൻ ഈ ടീമിന് ഇക്കുറി കഴിഞ്ഞില്ല എന്നത് ആസ്വാദനപരമായ നിരാശയാണ്.
ബിജുമേനോന്റെ എന്നത്തേയും പോലുളള ചില കോമഡികൾ അങ്ങിങ്ങായി വർക്കായിട്ടുണ്ട് എന്നതൊഴിച്ചാൽ കോമഡി പടമെന്ന് വിശേഷിപ്പിക്കാനുള്ള വകുപ്പുകളും സിനിമയിൽ ഇല്ല.
ഒരു കാലത്ത് ടൈപ്പ് സഹനട വേഷങ്ങളിൽ കുടുങ്ങിപ്പോയ ബിജു മേനോന് കോമഡിയിലോട്ട് ട്രാക്ക് മാറിയ ശേഷമാണ് കരിയറിൽ കാര്യമായഒരു ഉയർച്ചയുണ്ടായത് . 2012 ലിറങ്ങിയ ‘ഓർഡിനറി’ കൊടുത്ത ആ ബ്രേക്ക് പിന്നീട് ബിജു മേനോൻ സിനിമകളുടെ വിജയ തുടർച്ചയായി മാറി. ആദ്യ രാത്രി കണ്ടവസാനിപ്പിക്കുമ്പോൾ തോന്നുന്നത് ബിജു മേനോൻ വീണ്ടും ടൈപ്പ് വേഷ പകർച്ചകളിലും പ്രകടനത്തിലും ഒതുങ്ങി കൂടുകയാണെന്നാണ്.
നിശ്ചയിച്ചുറപ്പിച്ച കല്യാണത്തലേന്ന് പെങ്ങൾ ഒളിച്ചോടുകയും അതിൽ മനം നൊന്ത് സംഭവിക്കുന്ന അച്ഛന്റെ മരണവും മറ്റുമൊക്കെയാണ് മനോഹരന്റെ ജീവിതത്തെ മാറ്റി മറക്കുന്നത്. പ്രണയത്തോടും പ്രണയിക്കുന്നവരോടുമൊക്കെ അന്ന് തൊട്ട് തുടങ്ങുന്ന മനോഹരന്റെ വെറുപ്പ് അയാളെ പിന്നീട് ആ നാട്ടിലെ അറിയപ്പെടുന്ന ബ്രോക്കറാക്കി മാറ്റുന്നു. ഈ ഒരു പ്ലോട്ടും വച്ച് എന്ത് കഥ പറയണം ആ കഥ എങ്ങിനെ പറയണം എന്നറിയാതെ എന്തെങ്കിലും നുറുങ്ങു കോമഡി കോപ്രായങ്ങൾ കൊണ്ട് മാത്രം സിനിമയുണ്ടാക്കാം എന്ന് കരുതിയ അപാര ധൈര്യമാണ് ‘ആദ്യരാത്രി’യെ ഒരു മാതിരി രാത്രിയാക്കുന്നത്.
വെള്ളിമൂങ്ങയിൽ മാമച്ചൻ ആണ് നായകനെങ്കിൽ ആദ്യരാത്രിയിൽ മാ.മ അഥവാ മുല്ലക്കര മനോഹരനാണ് നായകൻ. പ്രേമിച്ച സഹപാഠിയെ നഷ്ടപ്പെട്ടെങ്കിലും അതേ സഹപാഠിയുടെ മകളെ കല്യാണം കഴിക്കാൻ തരത്തിൽ കാര്യങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്ന മാമച്ചന്റെ വഷളത്തരം മനോഹരനിൽ ഉണ്ടായില്ല എന്നത് ഒരു ആശ്വാസമാണ്.
ഒരു പെണ്ണിന്റെ വിവാഹം ഉറപ്പിക്കേണ്ടത് അവളുടെ അനുവാദ പ്രകാരമാകണം എന്ന് പറയാൻ ശ്രമിക്കുന്ന സിനിമ സ്നേഹിക്കുന്നവർ ആരാണെങ്കിലും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് കല്യാണം നടത്തി കൊടുക്കുന്നതാണ് നല്ലത് എന്ന വാദം കൂടി ചേർത്ത് പറയുമ്പോൾ
സിനിമക്കും സിനിമയിലെ കഥാപാത്രങ്ങൾക്കുമൊന്നും കൃത്യമായ ഒരു സ്റ്റാൻഡ് പോലും ഇല്ലാതെയാകുന്നുണ്ട്. അപ്രകാരം സിനിമയിലെ പ്രണയവും വിവാഹവും കമിതാക്കളുമൊക്കെ ദുരന്തമായാണ് അവതരിപ്പിക്കപ്പെടുന്നത് പോലും.
‘ഉദാഹരണം സുജാത’യിലും ‘തണ്ണീർമത്തൻ ദിനങ്ങളി’ലുമൊക്കെയുള്ള കുട്ടിക്കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ച അനശ്വര രാജനെ പൊടുന്നനെ ഒരു യുവതിയാക്കി മാറ്റി നായിക കളിപ്പിച്ചതിലും പോരായ്മ അനുഭവപ്പെടുന്നു. മുഖത്തെ കുട്ടിത്തം പോലും വിട്ടു മാറിയിട്ടില്ലാത്ത ഒരു കുട്ടിയെ കൊണ്ട് ഇത് പോലൊരു കഥാപാത്രം ചെയ്യിപ്പിക്കാം എന്ന ചിന്ത ഏത് മഹാന്റ ആയിരുന്നോ എന്തോ.
ഒരു ബിജു മേനോനെ വച്ച് കൊണ്ട് മാത്രം സിനിമയെ എന്റർടൈനർ ആക്കി മാറ്റാം എന്ന അബദ്ധ ധാരണയും ദുർബ്ബലമായ തിരക്കഥയും, പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ സഹ നടന്മാരുമൊക്കെയാണ് ‘ആദ്യരാത്രി’യെ മോശം രാത്രിയാക്കിയത് എന്ന് പറയേണ്ടി വരുന്നതിൽ അതീവ ദുഖമുണ്ട്.
©️bhadran praveen sekhar