ഇത് ഞങ്ങളുടെ ആമി തന്നെ , രൂപത്തിലും ഭാവത്തിലും നാലപ്പാട്ട് തറവാട്ടിലെ പഴയ കമലയെ ഓർമിപ്പിച്ച് മഞ്ജുവാര്യരെത്തിയപ്പോൾ മാധവിക്കുട്ടിയുടെ മകനും സഹോദരിയുമൊക്കെ വിസ്മയത്തോടെയാണ് മഞ്ജുവിനെ നോക്കി അറിയാതെ പറഞ്ഞു പോയി .അത് സത്യം ആയിരുന്നു .കാരണം ഇത് മഞ്ജൂ ആണെന്ന് ഇന്നലെ ആരും പറഞ്ഞില്ല .അടിമുടി മാധവികുട്ടി ആയി തന്നെയാണ് മഞ്ജൂ ഇന്നലെ നാലപ്പാട്ട് തറവാട്ടില്‍ എത്തിയത് .ആമിയാകാൻ ശരീരഭാരം വർധിപ്പിച്ച മഞ്ജു ചുവന്ന പട്ടു സാരിയും അഴിഞ്ഞകേശഭാരവും ആയാണ് ഇന്നലെ സെറ്റില്‍ വന്നത് .
കമലാ സുരയ്യയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ചിത്രീകരണം പുന്നയൂര്‍ക്കുളത്ത് ഇന്നലെയാണ് ആരംഭിച്ചത് .നാലപ്പാട്ട് തറവാട്ട് മുറ്റത്തെ നീര്‍മാതളത്തിന്റെ ചുവട്ടില്‍ വെച്ചായിരുന്നു ആമിയുടെ സ്വിച്ച് ഓണ്‍ കര്‍മം നടന്നത്. മാധവിക്കുട്ടിയുടെ മക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കാനെത്തി. മുരളിഗോപിയാണ് മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസിന്റെ വേഷം ചെയ്യുന്നത്. പൃഥ്വിരാജും പ്രധാന കഥാപാത്രമായെത്തും. മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ആമിയുടെ തിരക്കഥ ഒരുക്കിയതും കമല്‍ തന്നെയാണ്.
ആരും കൊതിക്കുന്ന കഥാപാത്രമാണിതെന്ന് നീർമാതളത്തിന്റെ ചുവട്ടിൽ നിന്ന് മഞ്ജുവാര്യർ പറഞ്ഞു. ഇതെന്റെ ഭാഗ്യമെന്നും മഞ്ജുവിന്റെ വാക്കുകൾ.എല്ലാവരും മഞ്ജു കമലയായിക്കഴിഞ്ഞുവെന്ന് പറയുന്നത് കേട്ടപ്പോൾ തന്നെ വല്ലാത്ത സന്തോഷം തോന്നുന്നുവെന്നും ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തമാണിതെന്നും സംവിധായകൻ കമൽ പ്രതികരിച്ചു.കഥയുടെ വിശദാംശങ്ങൾ കമൽ പുറത്തുവിട്ടിട്ടില്ലെങ്കിലും മാധവിക്കുട്ടിയുടെ സംഭവബഹുലമായ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്നതായിരിക്കും ആമിയെന്ന് വ്യക്തമായ സൂചനകളുണ്ട്. വിദ്യാബാലൻ വേണ്ടെന്ന് വെച്ച ആമിയുടെ ടൈറ്റിൽ റോൾ മഞ്ജുവാര്യർ സ്വീകരിച്ചപ്പോൾ സംശയിച്ചവർക്കെല്ലാം ഇപ്പോൾ സംശയങ്ങൾ മാറിയിരിക്കുന്നു.കാരണം ആമി മഞ്ജുവിന്റെ കൈകളില്‍ ഭദ്രമാണ് …അത് എന്നും അങ്ങനെ തന്നെയാകും .