ഭാരതീയരെ സ്വപ്നം കാണാന്‍ പഠിപ്പിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ രണ്ടാം ചരമവാര്‍ഷികമാണ് ഇന്ന്. രാജ്യത്തെ പ്രചോദിപ്പിച്ച, പുതിയ തലമുറയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖലയെ ഉയരങ്ങളിലേക്കെത്തിച്ച കലാം ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴും ഓരോ ഭാരതീയനും ഇന്നും അദ്ദേഹത്തെ സ്മരിക്കുന്നു.അതിരുകളില്ലാത്ത ആകാശ നീലിമയിൽ സ്വപ്നം വിരിയിച്ച അമരക്കാരനെയാണ് കലാമിന്‍റെ വേർപാടോടെ ഭാരതത്തിന് നഷ്ടമായത്.
അഗ്നി, പൃഥ്വി തുടങ്ങിയ മിസൈലുകളുടെ മുഖ്യശിൽപി, ഡിആർഡിഒ ഡയറക്ടർ, ഇന്റഗ്രേറ്റഡ് മിസൈൽ ഡെവലപ്മെന്റ് പ്രൊജക്ട് തലവൻ, പ്രധാനമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവ്, പൊഖ്റാൻ അണുസ്ഫോടനത്തിന്‍റെ മുഖ്യസൂത്രധാരന്‍ , ഇങ്ങനെ കലാമെന്ന കർമ്മയോഗിക്ക് ജീവനും ജീവതവും ശാസ്‍ത്രലോകമായിരുന്നു. 2015ല്‍ ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്പോഴായിരുന്നു മരണം അദ്ദേഹത്തെ കൂട്ടികൊണ്ട് പോയത്. 84-ാം വയസ്സിലായിരുന്നു നിര്യാണം.