കേരളത്തിലെ തെരുവ് നായ് പ്രശ്നത്തില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. കുട്ടിക്കാണോ പട്ടിക്കാണോ വില? എന്ന കാര്യത്തില്‍ അധികൃതര്‍ തീരുമാനമെടുക്കണമെന്നാണ് ജയസൂര്യ പറയുന്നത്.
‘പട്ടി-ണി’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ജയസൂര്യയുടെ അഭിപ്രായപ്രകടനം. തെരുവുനായ കുട്ടിയുടെ കീഴ്ച്ചുണ്ട് കടിച്ചുകീറിയെന്ന വാര്‍ത്തയും ഇതിനൊപ്പം പോസ്റ്റു ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രി മനേക ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ നടത്തിയ പ്രസ്താവനകളെയും ജയസൂര്യ വിമര്‍ശിക്കുന്നുണ്ട്.
‘തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ നിയമം പാസാക്കിയവര്‍ ഈ കുട്ടിയുടെ വീട്ടിലേക്ക് നോക്കുന്നുണ്ടോ? അവിടുത്തെ പട്ടിണി നോക്കുന്നുണ്ടോ’എന്നും ജയസൂര്യ ചോദിക്കുന്നു.
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
”പട്ടി -ണി ‘
ദൈവം പ്രത്യക്ഷപ്പെട്ടിട്ട് ചോദിക്കാണ്, നിന്റെ മുന്നില്‍ രണ്ട് ജീവനുകള്‍ ഉണ്ട്. ഒരു പട്ടിയും, നിന്റെ കുട്ടിയും അതിലെ ഒരു ജീവന്‍ നിനക്ക് തിരഞ്ഞെടുക്കാം എന്ന് പറഞ്ഞാല്‍ എന്തായിരിക്കും നമ്മുടെ ഉത്തരം. ? ദാ … ഇത് ഇന്നത്തെ പത്രമാണ്. ഇവിടെ പട്ടിയക്കാണോ, കുട്ടിയക്കാണോ വില?.നമ്മുടെ വീട്ടിലെ ആര്‍ക്കെങ്കിലുമാണ് ഇത് സംഭവിച്ചത് എങ്കില്‍ നമ്മള്‍ എന്ത് ചെയ്യും ‘ അത് തന്നെയാണ് ഇതിന്റെ ഉത്തരം ‘ [ അങ്ങനെ ചെയ്ത് പോകുന്നത് ആ തെരുവ് നായയേക്കാള്‍ . വീട്ടിലുള്ളവരെ നമ്മള്‍ സ്‌നേഹിക്കുന്നത് കൊണ്ടാണ് ] ഇതിപ്പോ സ്ഥിരം പത്ര വാര്‍ത്തയാണ്, തെരുവിലെ പട്ടി കുഞ്ഞിന്റെ ചുണ്ട് കടിച്ച് പറിച്ചു , അമ്മയുടെ കാല് കടിച്ച് കീറിന്നൊക്കെ..
ഇനി, ഈ കടിയേറ്റ കുട്ടിയുടെ വീട്ടിലേക്ക്, ഈ നിയമം പാസ്സാക്കിയവര്‍ ഒന്ന് തിരിഞ്ഞ് നോക്കുന്നുണ്ടോ?അവിടത്തെ പട്ടിണി അറിയുന്നുണ്ടോ? ഒരു പത്ത് പൈസ അയച്ച് കൊടുക്കുന്നുണ്ടോ? അല്ലെങ്കില്‍ ആ പൈസ കൊടുക്കുന്നതാണോ അതിനൊരു പരിഹാരം.. അത് ഇനി ഉണ്ടാവാതിരിക്കാന്‍ എന്ത് ചെയ്യണം എന്നതല്ലേ നോക്കേണ്ടത്? അതെന്താ ചെയ്യാത്തത്? എല്ലാം നമ്മള് അനുഭവിച്ചോട്ടേന്നോ? രാപകലില്ലാതെ ജവാന്‍മാര്‍ നമ്മുടെ സംരക്ഷക്കായി കാവലാണ്. ഇത്രയധികം സുരക്ഷിതത്വം നോക്കുന്ന നമ്മുടെ ഈ സംസ്ഥാനത്ത് ഇതിനെന്താ ഒരു പരിഹാരം ഉണ്ടാവാത്തത്..
മരത്തില്‍ കേറുന്നതാണോ പരിഹാരം.. അവരുടെ മകനെയാണ് ഇതുപോലെ കടിച്ച് പറിച്ച് ആശുപത്രിയില്‍ ഇട്ടിരുന്നതെങ്കില്‍, മോനെ…. നീ എന്താടാ ആ സമയത്ത് മരത്തില്‍ കേറാതിരുന്നത് എന്ന് ചോദിക്കോ? തെരുവിലെ ഒരു പട്ടിയുടെ വില പോലും ഞങ്ങള്‍ക്ക് തന്നില്ലെങ്കില്‍ തിരിച്ചും ആ വില തന്നെ തരാനെ ഞങ്ങള്‍ക്കും നിവര്‍ത്തിയുള്ളൂ…. ഇതിനൊരു തീരുമാനം ഇനിയും ഉണ്ടായില്ലെങ്കില്‍ ഈ നാട്ടിലെ ചെറുപ്പാക്കാര്‍ തന്നെ ഒരു തീരുമാനം ഉണ്ടാക്കും. അതില്‍ ചിലപ്പോ നിയമത്തിന്റെ വശങ്ങളുണ്ടാവില്ല പകരം നഷ്ടപ്പെട്ടതിന്റെ തിരിച്ചറിവ് മാത്രേ കാണൂ…