ചെന്നൈ: രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമാക്കിക്കൊണ്ട് ഒരു ചുവടു കൂടി മുന്നോട്ടു വച്ച് നടൻ വിജയ്. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്‍റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും വായനശാല ആരംഭിക്കാനൊരുങ്ങുകയാണ് വിജയ്.
നേരത്തേ എല്ലാ നിയമസഭാമണ്ഡലങ്ങളിലും സൗജന്യ ട്യൂഷൻകേന്ദ്രങ്ങൾ, നിയമസഹായകേന്ദ്രം, ക്ലിനിക്കുകൾ എന്നിവ ആരംഭിച്ചിരുന്നു ഇതിനു പിന്നാലെയാണ് വായനശാലകൾ നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ഇതിനായി പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞുവെന്നും ഉടൻ വായനശാല പ്രവർത്തനം തുടങ്ങുമെന്നും വിജയ് മക്കൾ ഇയക്കം ചുമതലക്കാർ അറിയിച്ചു. വിജയ് മക്കൾ ഇയക്കത്തിന് ബൂത്ത് തലത്തിൽ കമ്മിറ്റികൾ രൂപവത്കരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
‘ലിയോ’യുടെ വിജയാഘോഷത്തിൻ്റെ ഭാഗമായി ചെന്നൈയിൽ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിൽ 2026 നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയത്തിലിറങ്ങുമെന്ന് വ്യക്തമായ സൂചന നൽകിയിരുന്നു. നേരത്തെ ഓരോ നിയമസഭാമണ്ഡലങ്ങളിലും പത്ത്, പ്ലസ്‌ടു ക്ലാസുകളിൽ മികച്ച മാർക്കുവാങ്ങി വിജയിച്ച വിദ്യാർഥികളെ കാഷ് അവാർഡ് നൽകി ആദരിച്ചിരുന്നു.