‘അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയം: ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി മഞ്ജു വാര്യര്‍

0

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി നടി മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

ശ്രീകുമാര്‍ മേനോനില്‍നിന്ന് തനിക്ക് വധഭീഷണി ഉള്‍പ്പെടെ ഉണ്ടെന്നും പരാതിയില്‍ പറഞ്ഞിട്ടുള്ളതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരില്‍ക്കണ്ടാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്.

ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയമുള്ളതായും ഒടിയന്‍ സിനിമ ഇറങ്ങിയതിന് ശേഷമുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്നും ഡി.ജി.പിക്ക് നല്‍കിയ പരാതി കത്തില്‍ പറയുന്നു.

ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ശ്രീകുമാര്‍ മേനോനും സുഹൃത്തും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ ആരോപിക്കുന്നതായാണ് സൂചന. ശ്രീകുമാര്‍ മേനോനും സുഹൃത്ത് മാത്യൂ സാമുവലിനെതിരെയുമാണ് മഞ്ജു പരാതി നല്‍കിയത്.