ചൂടുള്ള വാര്‍ത്തകള്‍ ആഘോഷിക്കപെടുമ്പോള്‍ ഇരയുടെ മനുഷ്യാവകാശങ്ങള്‍ക്ക് കുറച്ചെങ്കിലും വില നല്‍കേണ്ടെ ?

0

മറ്റുള്ളവര്‍ക്ക് ഓരോ ദുരന്തങ്ങള്‍ വരുമ്പോള്‍ അതെല്ലാം അവരുടെ കാര്യമല്ലേ നമ്മള്‍ക്ക് കുഴപ്പം ഒനുമില്ലല്ലോ എന്ന മനോഭാവം ആണ് മിക്കവര്‍ക്കും .സ്വന്തം വീട്ടിലെ ഒരാള്‍ക്ക് ആ ദുരന്തം വരുമ്പോള്‍ മാത്രമാകും പലപ്പോഴും നമ്മള്‍ അതിന്റെ ആഴവും വ്യാപ്തിയും തിരിച്ചറിയുക .അത് മനുഷ്യസഹജം .ഇതെല്ലം പറഞ്ഞു വരാന്‍ കാരണം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഉണ്ടായ സംഭവം തന്നെ .മലയാളത്തിലെ ഒരു മുന്‍നിര നടി അക്രമിക്കപെട്ട വാര്‍ത്ത‍ നടുക്കത്തോടെ ആണ് കേരളം കേട്ടത് .നടിയുടെ പേര് ഇവിടെ പരാമര്‍ശിക്കുന്നില്ല .പക്ഷെ ഇതിനോടകം കാട്ട്തീ പോലെ ആ വാര്‍ത്ത‍ എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞതാണ് .

കേരളത്തില്‍ ഇതിനു മുന്പും  ഇത്തരം ധാരാളം വാര്‍ത്തകള്‍ വന്നിരുന്നു .അതൊന്നും മറക്കുന്നില്ല .സൌമ്യയും ജിഷയും എല്ലാം മരണപെട്ട്പ്പോള്‍ അവരുടെ സുരക്ഷിതമല്ലാത്ത ചുറ്റുപാടുകളെ പറ്റി നമ്മള്‍ വിലപിച്ചു .സൌമ്യ ട്രെയിനില്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ യാത്ര ചെയ്തത് കൊണ്ട് അവള്‍ ക്രൂരമായി അക്രമിക്കപെട്ടു ,ജിഷ അവളുടെ അടച്ചുറപില്ലാത്ത വീട്ടില്‍ കഴിഞ്ഞതിനാല്‍ കൊല്ലപെട്ടു .ഇങ്ങനെ അപമാനിക്കപെട്ട എത്ര പെണ്‍കുട്ടികള്‍ നമ്മുക്ക് ചുറ്റും .പക്ഷെ അറിയപെടുന്ന പ്രശസ്തയായ ഒരു നടി നടുറോഡില്‍ അക്രമിക്കപെട്ടതോ .?അത് എന്തു സുരക്ഷയുടെ കുറവ് കൊണ്ടാകും .അപ്പോള്‍ കുറവ് എവിടെയാണ് മനുഷ്യന്റെ മനസില്‍ തന്നെയല്ലേ .

കേരളത്തിന്റെ ഉറങ്ങാത്ത നഗരമെന്ന വിശേഷണമാണ് കൊച്ചിക്ക് ഏറ്റവും യോജിച്ചത്.എന്നാല്‍ കൊച്ചിയില്‍ പോലും സ്ത്രീകള്‍ക്ക് സമാധാനത്തോടെ സഞ്ചരിക്കാന്‍ കഴിയില്ലേല്‍ പിന്നെ മറ്റു ജില്ലകളിലെ കാര്യം പറയണോ .അപ്പോള്‍ ആക്രമിക്കപെടുന്ന പെണ്ണ് പ്രശസ്തയെന്നോ സാധാരണക്കാരിയെന്നോ  ഒരു പക്ഷപാതിത്വവും ഇക്കാര്യത്തിലില്ല.സ്ത്രീ സുരക്ഷയ്ക്കായി കൊച്ചിയില്‍ ആരംഭിച്ച പിങ്ക് പോലീസ് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പല സന്ദര്‍ഭങ്ങളിലും വിളിച്ചാല്‍ കിട്ടാറില്ലെന്ന എന്നത് മറ്റൊരു സത്യം .ഇങ്ങനെ പോയാല്‍ ഡല്‍ഹിയാകാന്‍ കൊച്ചിക്ക്‌ അധികസമയം വേണ്ടിവരില്ല .

ജോലിയുടെ ഭാഗമായി യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ ധാരാളം ആണ് .അത് സിനിമാനടി എന്നോ മാധ്യമപ്രവര്‍ത്തക എന്നോ വ്യത്യാസം വേണ്ട .എല്ലാവരും ചെയ്യുന്നത് മാന്യമായ തൊഴില്‍ ആണ് .ഇപ്പോഴും നിറഞ്ഞ ചിരിയുമായി നമ്മുക്ക് മുന്നില്‍ നിന്നൊരു പെണ്‍കുട്ടി തലയും മുഖവും മൂടി കോടതിയിലേക്ക് മൊഴി നല്‍കാന്‍ വരിക .അതെത്ര വേദനാജനകം ആണ് .അവളുടെ പുഞ്ചിരി മായ്ച്ചു കളഞ്ഞ പ്രതികള്‍ക്ക് ഇവിടെ നിയമം എന്തു ശിക്ഷയാകും നല്‍കുക .ഇതെല്ലം ആര്‍ക്കു വേണമെങ്കിലും സംഭവിക്കാം .

സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നോ നാളെയോ അവസാനിക്കും .അതിനപ്പുറം അവയ്ക്ക് ആയുസ്സില്ല .പിന്നെ മറ്റൊരു വാര്‍ത്ത, മറ്റൊരു ഇര .മായ്ച്ചാല്‍ മാറാത്ത വേദന അതനുഭവിച്ചവര്‍ക്ക് മാത്രം .ബോധപൂര്‍വം സൃഷ്ടിച്ച ഒരു വാഹനാപകത്തിന്റെ മറവില്‍ ഒരു പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തില്‍ ഒരു സംഘം കയറുക, ഹാലജന്‍ ലൈറ്റുകള്‍ നിറഞ്ഞുകത്തുന്ന പൊതുനിരത്തിലൂടെ ആ വാഹനം കിലോമീറ്ററുകള്‍ ഓടിയിട്ടും ഒരു പോലിസ് വാഹനം പോലും അത് ശ്രദ്ധിച്ചില്ല ,ആ പെണ്‍കുട്ടിയുടെ കരച്ചില്‍   ഒരു പിങ്ക് പോലീസും കേട്ടില്ല .പിന്നെ എന്താണ് റോഡില്‍ സഞ്ചരിക്കുന്നവരുടെ സുരക്ഷയ്ക്ക് ഉള്ളത് എന്ന ചോദ്യം മാത്രം .പിന്നെ വിഷമത്തോടെ പറയട്ടെ സമൂഹമാധ്യമങ്ങളില്‍ അടക്കം ഈ വാര്‍ത്ത കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം വേദനാജനകം തന്നെ….ഒരാളുടെ കണ്ണുനീരാണ് കുറച്ചു ലൈക്കുകള്‍ക്കും ഹിറ്റുകള്‍ക്കും വേണ്ടി വിറ്റഴിഞ്ഞത് ….