മുംബൈ: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിധിക്ക് ശേഷം തനിക്ക് ഭീഷണിയുണ്ടായതായി ജസ്റ്റിസ്. ഡി.വൈ.ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തൽ. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ ആണ് ശബരിമല വിധിക്ക് ശേഷം ഉണ്ടായ ഭീഷണിയെ കുറിച്ചും, വിഷയത്തില്‍ ഇപ്പോഴത്തെ നിലപാടിനെ കുറിച്ചും ഇദ്ദേഹം വ്യക്തമാക്കിയത്. സോഷ്യല്‍മീഡിയ വഴിയായിരുന്നു ഭീഷണികളെന്നും ഭീഷണികളില്‍ ഏറെയും ഭയപ്പെടുത്തുന്നതായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. തനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന ലോ ക്ലര്‍ക്കുമാരും, ഇന്റേണ്‍സും, ബന്ധുക്കളും സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസം മാറി നില്‍ക്കാന്‍ ഉപദേശിച്ചെന്നും അദ്ദേഹം പറഞ്ഞു.
വിധിന്യായത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ മാറ്റി നിര്‍ത്തിയുള്ള ആരാധനക്രമം തൊട്ടുകൂടായ്മക്ക് സമമാണെന്നും ആരാധന സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയോടുള്ള പരിഹാസമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ബാര്‍ മെമ്പര്‍ എന്ന നിലയില്‍ എല്ലാ വീക്ഷണങ്ങളും നോക്കണമെന്നും ചില സമയങ്ങളില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.ജഡ്ജിമാരുടെ സുരക്ഷയില്‍ ഉള്ള ആശങ്ക കാരണം അവരില്‍ പലരും ഉറങ്ങിയില്ല എന്ന് അറിയിച്ചതായും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.
2018 സെപ്തംബർ 28 – ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബഞ്ച് സുപ്രധാനവിധി പുറപ്പെടുവിക്കുന്നത്. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര, ജസ്റ്റിസുമാരായ രോഹിൻടൺ നരിമാൻ, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഢ് എന്നിവർ യുവതീപ്രവേശനം വേണമെന്ന് പറഞ്ഞപ്പോൾ ബഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര യുവതീപ്രവേശനം കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് വിധിയെഴുതി.
”വിധിന്യായത്തിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര ഭിന്ന വിധി എഴുതിയത് പോലെ, വിവിധങ്ങളായ കാഴ്ചപ്പാടുകളും ജുഡീഷ്യറിയിലുണ്ടാകും. അതിനെ തീർച്ചയായും ഞാൻ ബഹുമാനിക്കുന്നു. ഒരു സ്ത്രീയ്ക്ക് എങ്ങനെ സ്ത്രീകളുടെ അവകാശങ്ങൾ വേണ്ടെന്ന് പറയാനാകും എന്ന് എന്‍റെ ക്ലർക്കുമാരിൽ ചിലർ ചോദിച്ചു. സ്ത്രീകൾ ഇങ്ങനെ ചിന്തിക്കണമെന്നോ, പുരുഷൻമാർ ഇങ്ങനെ ചിന്തിക്കണമെന്നോ നമ്മൾ അല്ല തീരുമാനിക്കേണ്ടത്, അതല്ല ശരിയെന്നാണ് ഞാനവരോട് മറുപടിയായി പറഞ്ഞത്”, ജസ്റ്റിസ് ചന്ദ്രചൂഢ് പറയുന്നു. യുവതി പ്രവേശന വിധിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്വീകരിച്ച വ്യത്യസ്ഥ നിലപാടിനെ താന്‍ മാനിക്കുന്നു എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.