ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം വാങ്ങൽ കരാറിൽ ഫ്രഞ്ച് കമ്പനി എയർബസും ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യയും ഒപ്പുവച്ചു . 250 എയർ ബസ് വിമാനങ്ങള്‍ വാങ്ങാനാണു കരാർ. യുഎസിലെ ബോയിങ് കമ്പനിയിൽ നിന്ന് എയർ ഇന്ത്യ 220 വിമാനങ്ങൾ കൂടി വാങ്ങുമെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
എയർബസിൽ നിന്നുള്ള ആദ്യ വിമാനം ഈ വർഷാന്ത്യത്തിൽ എയർ ഇന്ത്യയ്ക്കു കൈമാറും. 2025ഓടെ വിമാനങ്ങളിൽ ഭൂരിപക്ഷവും കൈമാറുമെന്ന് എയർബസ് ഇന്ത്യ സിഇഒ റെമി മൈല്ലാർഡ് അറിയിച്ചു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും രത്തൻ ടാറ്റയും അടക്കമുള്ളവർ പങ്കെടുത്ത വിഡിയൊ കോണ്‍ഫറന്‍സിലായിരുന്നു എയർബസ്- എയര്‍ ഇന്ത്യ കരാർ. 100 ബില്യൻ ഡോളറാണ് (ഏതാണ്ട് 8.3 ലക്ഷം കോടി രൂപ) ചെലവിട്ടാണ് എയർബസ് എ350, എ320 വിമാനങ്ങൾ വാങ്ങുക. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായ- വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍, ടാറ്റാ സൺസ് ഗ്രൂപ്പ് ചെയര്മാന് എന്‍. ചന്ദ്രശേഖരൻ, എയർബസ് സിഇഒ ഗ്വില്വാമെ ഫോറി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
എയര്‍ ബസുമായി ഈ മാസം 10ന് എയർ ഇന്ത്യ ധാരണയിലെത്തിയിരുന്നു. അന്താരാഷ്ട്ര, ആഭ്യന്തര മേഖലയിൽ പുതിയ റൂട്ടുകളിലടക്കം സര്‍വീസുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത്രയേറെ വിമാനങ്ങൾ വരികയും പ്രമുഖ ആഗോള നഗരങ്ങളെയെല്ലാം ബന്ധിപ്പിക്കുകയും ചെയ്യുന്നതോടെ എയർ ഇന്ത്യ ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളിലൊന്നായി മാറുമെന്നാണു കരുതുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് കേന്ദ്ര സർക്കാരിൽ നിന്ന് എയര്‍ ഇന്ത്യ ഏറ്റെടുത്തത്.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൗഹൃദത്തിലെ നാഴികക്കല്ലാണു കരാറെന്ന് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. വ്യോമയാന മേഖലയിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും അടുത്ത 15 വർഷത്തിൽ രാജ്യത്ത് 2,500 വിമാനങ്ങൾ ആവശ്യമാണെന്നും മോദി വ്യക്തമാക്കി. “വ്യോമയാന രംഗത്ത് പുതുചരിത്രം രചിക്കാനുള്ള എയർ ഇന്ത്യയുടെ ഉദ്യമത്തിനു സഹായിക്കുകയെന്ന ചരിത്ര നിമിഷം” എന്നാണ് എയർബസ് സിഇഒ ഗ്വില്വാമെ ഫോറി പറഞ്ഞത്. അമെരിക്കയിലെ ബോയിങ് കമ്പനിയുമായുള്ള എയർ ഇന്ത്യയുടെ വിമാനം വാങ്ങൽ കരാർ ചരിത്രപരമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചു.