അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഗേജുകള്‍ക്ക് പുതിയ നിയന്ത്രണം കൊണ്ടുവന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വിമാനത്താവളം അധികൃതര്‍ നിഷേധിച്ചു. ഡിസംബര്‍ 15 മുതല്‍ കാര്‍ട്ടനുകള്‍, ചാക്കില്‍കെട്ടിയ ലഗേജുകള്‍ തുടങ്ങിയവ അനുവദിക്കില്ലെന്നായിരുന്നു അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റേതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അറിയിപ്പ്.
സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് നടപടിയെന്നും സന്ദേശത്തിലുണ്ടായിരുന്നു. വലിയ ഭാരമുള്ള ലഗേജുകള്‍ വിമാനത്താവളത്തിലെ ബാഗേജ് ബെല്‍റ്റ് തകരാറാകുന്നതിന് കാരണമാവുന്നുണ്ടെന്നും ചെക്ക്-ഇന്‍ വൈകാനും മറ്റും കാരണമാവുന്നുമെന്നും ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഇത്തരമൊരു അറിയിപ്പ് തങ്ങള്‍ നല്‍കിയിട്ടില്ലെന്നും പുതിയ നിയന്ത്രണങ്ങളൊന്നും തങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അബൂദബി അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഇത്തരം വ്യാജപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്നും സര്‍ക്കുലറുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ അബൂദബി വിമാനത്താവളം ബാഗേജ് നിയമങ്ങള്‍ പരിഷ്‌ക്കരിച്ചിരുന്നു. എന്നാല്‍ കാര്‍ട്ടണുകള്‍, ചാക്കില്‍ കെട്ടിയ ലഗേജുകള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല.
പുതിയ സര്‍ക്കുലറിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെന്നോ അവരുടെ ലക്ഷ്യം എന്തെന്നോ വ്യക്തമല്ല. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികളും ഏഷ്യക്കാരുമാണ് കൂടുതലായും കാര്‍ട്ടനുകളിലും ചാക്കുകെട്ടുകളിലുമായി സാധനങ്ങള്‍ നാട്ടിലേക്കും തിരിച്ചും കൊണ്ടുപോവാറുള്ളത്. ഇതിന് നിരോധനമേര്‍പ്പെടുത്തുമെന്ന അറിയിപ്പ് ഇവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കിടയിലാണ് കൂടുതലായി പ്രചരിച്ചതും. എന്നാല്‍ വിമാനത്താവള അധികൃതരുടെ അറിയിപ്പ് വന്നതോടെ അനിശ്ചിതത്വത്തിന് വിരാമമാവുകയായിരുന്നു.