15 ദിവസത്തെ ഇടവേളയ്ക്ക് ശേഷം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി

1

പ്രളയം മൂലം  അടച്ച നെടുമ്പാശേരി വിമാനത്താവളം 15 ദിവസത്തിന് ശേഷം തുറന്നു. ഉച്ചയ്ക്ക് 2.05നാണ് ആദ്യ വിമാനമിറങ്ങിയത്. ഇൻഡിഗോയുടെ ബംഗളൂരുവിൽ നിന്നുള്ള വിമാനമായിരുന്നു ഇത്. എയർ ഇന്ത്യയും ജെറ്റ് എയർവേയിസും ഇൻഡിഗോയും അടക്കമുള്ള 32 വിമാന സർവീസുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ നെടുമ്പാശ്ശേരി പുർണ്ണ തോതിൽ പ്രവർത്തനം വീണ്ടും പുനരാരംഭിക്കുകയാണ്.

പ്രളയത്തെത്തുടർന്ന് ഓഗസ്റ്റ് 14 മുതലായിരുന്നു അടച്ചത്. വിമാനത്താവളം അടച്ചതിനെത്തുടർന്ന് സൈനീക വിമാനത്താവളം പ്രവർത്തനക്ഷമമാക്കിയിരുന്നു. ഓഗസ്റ്റ് 14 മുതൽ 18 വരെ എന്ന് ആദ്യം പ്രഖ്യാപിക്കുകയും പിന്നീട് അത് 26നാക്കുകയും പിന്നീട് അത് വീണ്ടും മാറ്റി 29ന് തുറക്കുകയുമായിരുന്നു. പ്രളയത്തെ തുടർന്ന് വിമാനത്താവളത്തിൽ ആകെ വെള്ളം കയറിയിരുന്നു. ഏറെ നാശവും ഉണ്ടായി. ഇതെല്ലാം അതിവേഗം മറികടന്നാണ് കൊച്ചിയിൽ വീണ്ടും വിമാനം ഇറങ്ങുന്നത്. ഏകദേശം 220 കോടിയുടെ നാശനഷ്ടമാണ് പ്രളയം നെടുമ്പാശേരിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനുണ്ടാക്കിയത്.