അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം

0

തിരുവനന്തപുരം: മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌കാരം. ജ്ഞാനപീഠം ലഭിക്കുന്ന ആറാമത്തെ മലയാളിയാണ് മഹാകവി അക്കിത്തം. സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ ചേര്‍ന്ന സമിതി ഐകകണ്‌ഠ്യേനയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

വി.ടി. ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തിൽ പങ്കാളിയായ അക്കിത്തം കേരളീയ നവോത്ഥാന ചരിത്രത്തിന്റെ ഭാഗംകൂടിയാണ്. കവിതയിൽ ആധുനികത വിളംബരം ചെയ്‌ത കവി എന്നാണ് അക്കിത്തം അറിയപ്പെടുന്നത്. 2017ൽ പദ്‌മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. എഴുത്തച്ഛൻ, വള്ളത്തോൾ, ഓടക്കുഴൽ തുടങ്ങി സംസ്ഥാന സർക്കാരിന്റെ ഒട്ടുമിക്ക ഉന്നത സാഹിത്യപുരസ്‌കാരങ്ങളും അക്കിത്തത്തെ തേടി എത്തിയിട്ടുണ്ട്.

പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം അച്യുതന്‍ നമ്പൂതിരി 43 ഓളം കൃതികള്‍ രചിട്ടിട്ടുണ്ട്. 93ാം വയസ്സിലാണ് അക്കിത്തത്തിന് പുരസ്കാരം ലഭിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് പ്രധാന കൃതി. ഈ കൃതിയില്‍ നിന്നുള്ള വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍ ഏറെ പ്രസക്തമാണ്‌.

തകഴി, എസ്‌കെ പൊറ്റക്കാട്, എംടി വാസുദേവന്‍നായര്‍, ഒഎന്‍വി കുറുപ്പ് എന്നിവരും ഇതിനു മുമ്പ് ജ്ഞാനപീഠം നേടിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മലയാളത്തില്‍ ജ്ഞാനപീഠം ലഭിച്ചത് ഒ.എന്‍.വി കുറുപ്പിനായിരുന്നു.