നോട്ടുക്ഷാമമില്ലാത്ത ഇന്ത്യയിലെ ഒരേയൊരിടം; ഗുജറാത്തിലെ ഈ ചെറുഗ്രാമത്തില്‍ എല്ലാം എസ്എം എസ് വഴി

0

നോട്ടു ക്ഷാമം കാരണം ഇന്ത്യയില്‍ ഒട്ടുമിക്ക സാധാരണക്കാരും നെട്ടോട്ടം ഓടുമ്പോള്‍ ഇവിടെ ഒരു ചെറുഗ്രാമത്തിലെ സാധാരണ ജനങ്ങള്‍ സത്യത്തില്‍ ഇതൊന്നും അറിയുന്നത്തെ ഇല്ല .ഗുജറാത്തിലെ ഈ ഗ്രാമത്തെ മാത്രം ഇതൊന്നും ബാധിച്ചില്ല. അവിടുത്തെ ജനങ്ങളുടെ കൈയില്‍ മാറ്റി വാങ്ങാന്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളില്ല, എല്ലാം ഫോണ്‍ മെസ്സേജുകളാണ്.

അതെ ,അതാണ് സബര്‍കന്ത ജില്ലയിലെ അകോദര എന്ന ഗ്രാമം.ഇവിടെ ജനങ്ങള്‍ ഒരു ഫോണ്‍ മെസ്സേജിലൂടെ തങ്ങളുടെ പണമിടപാടുകള്‍ യാതൊരു പ്രയാസവും കൂടാതെയാണ് സാധിക്കുന്നത്. പണം സ്വീകരിക്കേണ്ട ആളുടെ അക്കൗണ്ട് വിവരങ്ങളും നല്‍കേണ്ട തുകയും മെസ്സേജ് ആയി നല്‍കിയാല്‍ ബാങ്ക് ജീവനക്കാര്‍ ഇടപാട് നടത്തും. ബാങ്കില്‍ പോവുകയോ ക്യൂ നില്‍ക്കുകയോ വേണ്ട, അത് ഇപ്പോള്‍ 10 രൂപയുടെ ഇടപാടാണെങ്കിലും ഈ രീതി തന്നെ പിന്‍തുടരുന്നു.

രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ ഗ്രാമമാണ് അഹമ്മദാബാദില്‍നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള അകോദര. ഒരു വര്‍ഷം മുമ്പാണ് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ഈ സ്വകാര്യ ബാങ്ക് പദ്ധതി ആരംഭിച്ചത്. 24 മണിക്കൂറും ഗ്രാമത്തില്‍ വൈ-ഫൈയും ഉണ്ട്. ഗ്രാമവാസികള്‍ക്ക് ബാങ്ക് അക്കൗണ്ടും ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനവും ലഭ്യമാണ്.

കടയില്‍ പോയി സാധനം വാങ്ങുമ്പോള്‍ പണത്തിനു പകരം, കടക്കാരന്റെ അക്കൗണ്ട് വിവരങ്ങളും തുകയും അടങ്ങുന്ന ഒരു മെസ്സേജ് ബാങ്കിലേയ്ക്ക് അയക്കുന്നു. സാധനം വാങ്ങുന്ന ആളുടെ അക്കൗണ്ടില്‍ നിന്ന് തുക കടക്കാരന്റെ അക്കൗണ്ടിലേയ്ക്ക് ബാങ്ക് നിക്ഷേപിച്ചുകൊള്ളും. കഴിഞ്ഞ വര്‍ഷം ഇവിടുത്തെ ഒരു സ്വകാര്യ ബാങ്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പാക്കിയത്. വ്യക്തികള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും ഇപ്രകാരം തന്നെയാണ് നടക്കുന്നത്.

സാധനങ്ങള്‍ വാങ്ങാനോ കൊടുക്കാനോ ഒന്നും ഇവിടെ പണം വേണ്ട .കടക്കാരന് കടയിലേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനും നോട്ടുകള്‍ വേണ്ട. ഗ്രാമത്തില്‍ ഒരു എടിഎം മെഷീന്‍ മാത്രമാണുള്ളത്. അവിടെ നീളമേറിയ ക്യൂ കാണാനുമില്ല.ഗ്രാമവാസികള്‍ എല്ലാം തന്നെ സാധാരണക്കാര്‍ .അവര്‍ക്ക് സ്മാര്‍ട്ട്‌ ഫോണ്‍ എന്താണെന്ന് പോലും വലിയ പിടിയില്ല .അത് കൊണ്ട് ആണ് എല്ലാം എസ്എംഎസ് വഴിയുള്ള പണമിടപാട് സംവിധാനം ആവിഷ്‌കരിച്ചത്.