ഡിജിറ്റല്‍ വാലറ്റ്, കാഷ്ലെസ് സൊസൈറ്റി സര്‍വീസ് തുടങ്ങാന്‍ അല്‍ അന്‍സാരി ഡിജിറ്റല്‍ പേയ്ക്ക് അനുമതി

0

അല്‍ അന്‍സാരി ഫിനാന്‍ഷ്യല്‍ സര്‍വീസസ് പിജെഎസ്സിയുടെ (ഡിഎഫ്എം: അലന്‍സാരി) ഫിന്‍ടെക് വിഭാഗമായ അല്‍ അന്‍സാരി ഡിജിറ്റല്‍ പേ, സ്റ്റോര്‍ഡ് വാല്യൂ ഫെസിലിറ്റി (എസ്വിഎഫ്), റീട്ടെയില്‍ പേയ്‌മെന്റ് സര്‍വീസസ് ആന്‍ഡ് കാര്‍ഡ് സ്‌കീമുകള്‍ (ആര്‍പിഎസ്സിഎസ്) ലൈസന്‍സുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) അംഗീകാരം നല്‍കി. ക്യാഷ്ലെസ് ഇക്കോണമി എന്ന യുഎഇ നയത്തിലേക്കും സ്വപ്നത്തിലേക്കും പുതിയൊരു കാല്‍വയ്പ്പാണിതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

എസ് വിഎഫ് ലൈസന്‍സ് ഉപയോഗിച്ച്, അല്‍ അന്‍സാരി ഡിജിറ്റല്‍ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് അവരുടെ ഫണ്ടുകള്‍ ഡിജിറ്റലായി കൈകാര്യം ചെയ്യാം. ആര്‍പിഎസ്സിഎസ് ലൈസന്‍സ് ലഭിക്കുന്നതോടെ കമ്പനിക്ക് പ്രീപെയ്ഡ് കാര്‍ഡുകള്‍ നല്‍കാനും, മെര്‍ച്ചന്റ് പേയ്‌മെന്റുകള്‍ സുഗമമാക്കാനും, ഓണ്‍ലൈന്‍, റീട്ടെയില്‍ ബിസിനസുകള്‍ വിപുലപ്പെടുത്താനുമാവും.

വ്യക്തിഗത ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ഒരു പോലെ ഉപകാരപ്രദമായ അല്‍ അന്‍സാരി വാലറ്റ് 2025 ലെ രണ്ടാം പാദത്തില്‍ പുറത്തിറങ്ങും. മൈക്രോ ഫിനാന്‍സിംഗ് അടക്കം വിപുലമായ സംവിധാനങ്ങളും സാധാരണക്കാര്‍ക്കും ഡിജിറ്റല്‍ ഇടപാടുകള്‍ സാധ്യമാക്കാന്‍ സഹായിക്കുന്നതായിരിക്കും അല്‍ അന്‍സാരി വാലറ്റ്.

യുഎഇയിലെ ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഈ പുതിയ സംരംഭം ഞങ്ങളെ സഹായിക്കും – അല്‍ അന്‍സാരി ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഡെപ്യൂട്ടി ഗ്രൂപ്പ് സിഇഒ മുഹമ്മദ് ബിതാര്‍ പറഞ്ഞു. ‘സാമ്പത്തിക രംഗം വികസിക്കുമ്പോള്‍, ഇന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, നാളത്തെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കാണുകയും ചെയ്യുന്ന അത്യാധുനിക സാങ്കേതികവിദ്യയും നൂതന പരിഹാരങ്ങളും സംയോജിപ്പിച്ച് മുന്നോട്ട് പോകാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’.

അല്‍ അന്‍സാരി ഡിജിറ്റല്‍ പേ ആദ്യ വര്‍ഷത്തില്‍ 12 ദശലക്ഷം ദിര്‍ഹത്തിന്റെ മൊത്തം വരുമാനം ലക്ഷ്യമിടുന്നു. മൂന്നാം വര്‍ഷത്തോടെ 67 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (CAGR) ലക്ഷ്യമിടുന്ന ഗണ്യമായ വളര്‍ച്ചാ പാതയാണിത്.