ആലപ്പുഴ: സ്ത്രീകളുടെ ആർത്തവശുചിത്വം ഉറപ്പു വരുത്താൻ സംസ്ഥാനത്താദ്യമായി ആലപ്പുഴ നഗരസഭ തുടക്കമിട്ട “തിങ്കൾ പദ്ധതി” അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാകുന്നു. പ്രളയകാലത്ത് സാനിറ്ററി പാഡുകളുടെ സംസ്കരണം നഗരസഭയ്ക്കു വലിയ തലവേദനയുണ്ടാക്കിയതിനെ തുടർന്ന് നഗരസഭ രൂപീകരിച്ച പുത്തൻ ആശയമായിരുന്നു തിങ്കൾ. 5,000 സ്ത്രീകൾക്ക് സൗജന്യമായി മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്ന “തിങ്കൾ” എന്ന പദ്ധതിയെപ്പറ്റി കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വിഷയത്തിൽ ഗവേഷണം നടത്താൻ ലിവർപൂൾ സർവകലാശാലാ അധ്യാപിക സുപ്രിയ ഗരിക്പതി സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഡോ. ടി. എം. തോമസ് ഐസക്കിനെ സമീപിച്ചിരിക്കുകയാണ്. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ തോമസ് ഐസക്കിന്റെ പൂർവ വിദ്യാർഥിനി കൂടിയാണ് സുപ്രിയ. ദിവസങ്ങൾക്ക് മുമ്പ് തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത പദ്ധതിക്കു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പ്രളയകാലത്ത് സാനിറ്ററി പാഡുകളുടെ സംസ്കരണം നഗരസഭയ്ക്കു വലിയ തലവേദനയുണ്ടാക്കിയതിനാലാണു പുതിയ ആശയത്തെപ്പറ്റി ആലോചിച്ചത്. “47 ദുരിതാശ്വാസ ക്യാംപുകളിൽ നിന്നായി ശേഖരിച്ച ചാക്കുകണക്കിനു നാപ്കിനുകൾ എന്തു ചെയ്യണമെന്നറിയാതെ നിന്ന സ്ഥിതിയുണ്ടായിരുന്നു. കത്തിച്ചുകളയുകയോ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾക്കൊപ്പം നിക്ഷേപിക്കുകയോ മാത്രമായിരുന്നു അവ കളയാനുള്ള മാർഗം. തുടർന്നാണ് പുനരുപയോഗം സാധ്യമാകുന്ന മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചു ചിന്തിച്ചത്.
ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡാണ് 5000 മെൻസ്ട്രൽ കപ്പുകൾ ടെൻഡർ ചെയ്ത് വാങ്ങി ലഭ്യമാക്കിയത്. പണ്ടുകാലത്തു സ്ത്രീകൾ ചന്ദ്രനെ നോക്കിയാണ് ആർത്തവകാലം കണക്കാക്കിയിരുന്നത്. അതിന്റെ പശ്ചാത്തലത്തിലാണു പദ്ധതിക്കു “”തിങ്കൾ” എന്ന പേരു നൽകിയത്.
ഒരു സ്ത്രീ ശരാശരി ഒരു വർഷം തന്നെ 156 സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കും. അങ്ങിനെയെങ്കിൽ ഒരു മെൻസ്ട്രൽ കപ്പ് ഏതാണ്ട് 780 സാനിറ്ററി നാപ്കിനുകൾക്ക് പകരമാകും. അത്രയും പ്ലാസ്റ്റിക് മാലിന്യവും പണവും ലാഭിക്കും. അതായത് ഇപ്പോൾ 5000 പേർ ഇതിലേക്കു മാറിയാൽ 39 ലക്ഷം പാഡുകൾ മണ്ണിലേക്കു വരില്ല എന്ന സദുദ്ദേശമാണ് പദ്ധതിയിലൂടെ നടപ്പാക്കാൻ പോകുന്നത്.