റാംപിലേക്ക് സുന്ദരികൾ ക്യാറ്റ് വാക്കിൽ കുതിച്ച് എത്തുന്പോൾ അലക്സാൻഡ്രാ കുടാസ് എത്തുന്നത് വീൽ ചെയറിലോ, മറ്റ് മോഡലുകളുടെ ചുമലിൽ ഇരുന്നോ ആണ്. ഇത് ഒരു ഷോയ്ക്ക് വേണ്ടി മാത്രമല്ല അലക്സാഡ്ര ഈ വേഷം കെട്ടുന്നത്. പച്ചയായ ജീവിതത്തിൽ എങ്ങനെയാണോ അത് പോലെ തന്നെയാണ് അലക്സാൻഡ്ര റാംപിലെത്തുന്നതെന്നതാണ് സത്യം.
ജനനവേളയിൽ ഡോക്ടർക്ക് പറ്റിയ കൈയ്യബദ്ധമാണ് അലക്സാൻഡ്രയെ വീൽ ചെയറിലെത്തിച്ചത്. സെറിബ്രൽ പാഴ്സി എന്ന രോഗാവസ്ഥയ്ക്ക് അത് കാരണമായി. ആ രോഗത്തിന്റെ തന്നെ ചുവടുപിടിച്ച് കാലുകളും അലക്സാൻഡ്രയോട് ഇണങ്ങാതെ നിന്നു. 23 വയസ്സുകാരിയായ അലക്സാൻഡ്ര ഇന്ന് മോഡലിംഗ് താരത്തെ മിന്നും നക്ഷത്രമാണ്. കഴിഞ്ഞ ആഴ്ച യുക്രൈയിനിലെ കീവിലിൽ നടന്ന ഫാഷൻ ഷോയിൽ കറുപ്പ് വസ്ത്രമണിഞ്ഞ് എത്തിയ അലക്സാൻഡ്രയെ ഒപ്പമുള്ള പുരുഷമോഡലുകൾ ഒരു തടികസേരയിലിരുത്തി റാംപിലേക്ക് എത്തിച്ചു. അന്ന് അവളുടെ കണ്ണിൽ തിളങ്ങിയത് ആത്മവിശ്വാസത്തിന്റെ മുത്തുകളാണ്.
ചെറുപ്പം മുതൽ മോഡൽ ആകാനാഗ്രഹിച്ച അലക്സാൻഡ്ര സാധാരണ കുട്ടികൾ പഠിക്കുന്ന സ്ക്കൂളിൽ തന്നെയാണ് പഠിച്ചത്. ഭിന്ന ശേഷിക്കാരുടെ ഒരു ആനുകൂല്യവും സഹതാപവും വാങ്ങാതെ നിശ്ചയദാർഢ്യത്തോടെ അവളെ ഉയരങ്ങളിൽ എത്തിക്കാൻ അച്ഛനും അപ്പൂപ്പനും മത്സരിച്ചു.
ഒരു ദിവസം കഫേയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അവളുടെ അരികിലേക്ക് ഒരു ഫോട്ടോഗ്രാഫർ എത്തി. അയാൾക്ക് ഒരു ചോദ്യമേ അലക്സാൻഡ്രയോട് ചോദിക്കാൻ ഉണ്ടായിരുന്നുള്ളൂ… തനിക്ക് മോഡലാകാമോ എന്ന്. അവിടെ തുടങ്ങിയതാണ് അലക്സാൻഡ്രയുടെ മോഡൽ ജീവിതം. യുക്രയിനിലെ പ്രശസ്ത ഫാഷൻ ഡിസൈനർ ഫെദിർ വോസിയാനോവ് ആണ് അലക്സാൻഡ്രയെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് റാംപിലേക്ക് എത്തിച്ചത്. അലക്സാൻഡ്രയുടെആത്മവിശ്വാസം അവളെ ഉയരങ്ങളിലേക്ക് എത്തിച്ചത് വളരെ കുറച്ച് സമയം കൊണ്ടാണ്.
ഇന്ന് അറിയപ്പെടുന്ന മോഡൽ എന്ന ടാഗ് ലൈൻ മാത്രമല്ല അലക്സാൻഡ്രയോടൊപ്പമുള്ളത്. സ്വന്തം നാട്ടിലെ മേയറുടെ ഉപദേശകകൂടിയാണ്. ഭിന്നശേഷിക്കാരായവരുടെ പുനരുദ്ധാരണം സംബന്ധിച്ച നിർദേശങ്ങളും ഉപദേശങ്ങളുമാണ് അലക്സാൻഡ്ര ഭരണകൂടത്തിന് നൽകുന്നത്.