പുറത്താക്കപ്പെട്ട സിബിഐ ഡയറക്ടർ അലോക് വർമ രാജി വച്ചു

1

ന്യൂഡൽഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നീക്കിയ അലോക് വര്‍മ സര്‍വീസില്‍നിന്ന് രാജിവച്ചു. ഫയർ സർ‍വീസസ് ഡയറക്ടർ ജനറലായുള്ള പുതിയ സ്ഥാനം ഏറ്റെടുക്കാൻ അലോക് വർമ വിസമ്മതിച്ചു. സ്വയം വിരമിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയ സെക്രട്ടറി സി ചന്ദ്രമൗലിക്ക് അദ്ദേഹം കത്തു നൽകി. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചതിന് പിന്നാലെയാണ് രാജി.’സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു’. എന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നതെന്നും. എല്ലാ നടപടിക്രമങ്ങളും അട്ടിമറിച്ചിരിക്കുകയാണെന്നും വർമ ആരോപിച്ചു.ഡല്‍ഹി പോലീസ് കമ്മീഷണര്‍, ജയില്‍ ഡിജിപി എന്നീ പദവികള്‍ വഹിച്ച ശേഷമാണ് സിബിഐയുടെ തലപ്പത്തേക്കുള്ള അലോക് വര്‍മ്മയുടെ വരവ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണു ആലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയത്.
ജൂലൈ 31-ന് എന്‍റെ വിരമിക്കൽ പ്രായം പിന്നിട്ടതാണ്. സിബിഐ ഡയറക്ടർ പദവി തന്ന് എന്‍റെ കാലാവധി നീട്ടുക മാത്രമാണ് ചെയ്തത്. ഫയർ സർവീസസ് ഡിജി പദവി ഏറ്റെടുക്കാൻ എന്‍റെ പ്രായപരിധി തടസ്സമാണ്. അതിനാൽ എന്നെ സ്വയം വിരമിക്കാൻ അനുവദിക്കണം എന്നും വർമ രാജികത്തിൽ കുറിച്ചു.