ആമസോണ്‍ കാടുകളില്‍ വസ്ത്രങ്ങള്‍ പോലും ഇല്ലാതെ ജീവിക്കുന്ന ഗോത്രവിഭാഗത്തിന്റെ അപൂര്‍വ്വ ചിത്രങ്ങള്‍ പുറത്ത്. കിഴക്കന്‍ ഇക്വഡോറിലെ ആമസോണ്‍ വനത്തില്‍ കഴിയുന്ന ഹുവോറാനി ഗോത്രക്കാരുടെ ചിത്രങ്ങള്‍ ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ പീറ്റ് ഓക്സ്ഫോര്‍ഡാണ് പകര്‍ത്തിയത്. പെറുവിന്റെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന റിയോ നാപ്പോ നദിയുടെ തീരത്താണ് ഇവര്‍ താമസിക്കുന്നത്. കുരങ്ങന്മാരെയും കാട്ടുപന്നികളെയും ചുട്ടുതിന്നും ഇലകളും കിഴങ്ങുകളും ഭക്ഷിച്ചുമാണ് ഇവര്‍ ജീവിക്കുന്നത്.
നാലായിരത്തിലേറെപ്പേര്‍ ഈ ഗോത്രത്തിലുണ്ടെന്നാണ് കരുതുന്നത്. മരംകൊണ്ടുണ്ടാക്കിയ കുഴലിലൂടെ വിഷസൂചി ഊതിത്തെറിപ്പിച്ച് കുരങ്ങന്മാരെ വേട്ടയാടിയാണ് ഇവരുടെ ജീവിതം.വാവോറാനിയെന്നും വാവോസെന്നും ഈ ഗോത്രം അറിയപ്പെടാറുണ്ട്. തെക്കേ അമേരിക്കയിലെ മറ്റൊരു ഭാഷയോടും സാമ്യമില്ലാത്തതാണ് ഇവര്‍ സംസാരിക്കുന്നതെന്ന് ഓക്സ്ഫോര്‍ഡ് പറയുന്നു. കൂറ്റന്‍ മരങ്ങളില്‍ക്കയറി കുരങ്ങന്മാരെ വേട്ടയാടുന്നതാണ് ശീലം. പുരുഷന്മാര്‍ക്കാണ് വേട്ടയുടെ ചുമതല. സ്ത്രീകളുടെ ചുമതല കുട്ടികളെ വളര്‍ത്തുകയാണ്. ഓലകൊണ്ട് മറച്ച ചെറുകുടിലുകളിലാണ് ഇവര്‍ താമസിക്കുന്നത്.