ന്യൂഡൽഹി ∙ ബോളിവുഡ് നടൻ അമിതാഭ് ബച്ചന് ഇന്ത്യൻ സിനിമാ മേഖലയിലെ പരമോന്നത അംഗീകാരമായ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. ഏകകണ്ഠമായാണ് ബച്ചനെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു.
രണ്ട് തലമുറകളെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഇതിഹാസ നടന്‍ അമിതാഭ് ബച്ചനെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരത്തിനായി ഏകകണ്ഠേനെ തെരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം പങ്കുവയ്ക്കട്ടെ. ഈ പുരസ്കാരലബ്ധയില്‍ രാജ്യവും അന്താരാഷ്ട്ര സമൂഹവും ആഹ്ളാദിക്കുന്നു. അദ്ദേഹത്തിന് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ – പുരസ്കാര വിവരം പങ്കുവച്ചു കൊണ്ട് പ്രകാശ് ജാവദേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അഭിയനജീവിതത്തിൽ അമിതാഭ് ബച്ചൻ അര നൂറ്റാണ്ട് തികച്ചത്. നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ബച്ചനെ രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണനും നല്‍കി ആദരിച്ചിട്ടുണ്ട്. 1969ൽ സാഥ് ഹിന്ദുസ്ഥാനിയിൽ വേഷമിട്ടുകൊണ്ടായിരുന്നു ബിഗ് ബിയുടെ സിനിമാ അരങ്ങേറ്റം. 1973ൽ ഇറങ്ങിയ സഞ്ജീർ ആണ് നായകനായി അഭിനയിച്ച ആദ്യ ചിത്രം. നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.
വിഖ്യാത ഹിന്ദി കവി ഹരിവന്‍ഷ് റായ് ബച്ചന്‍റേയും തേജീ ബച്ചന്‍റേയും മകനായി1942 ഒക്ടോബര്‍ 11-നാണ് അമിതാഭ് ബച്ചന്‍ ജനിച്ചത്. നടി ജയ ബാദുരിയാണ് ബച്ചന്റെ ഭാര്യ. മക്കള്‍ ശ്വേത നന്ദ, നടന്‍ അഭിഷേക് ബച്ചന്‍. നടി ഐശ്വര്യ റായിയാണ് മരുമകള്‍.