ഗൂഗിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിനെ ഹാക്ക് ചെയ്യാമോ ? വെറുതെ വേണ്ട സംഗതി നടന്നാല്‍ രണ്ടു ലക്ഷം അമേരിക്കന്‍ ഡോളര്‍ (ഏകദേശം 1.34 കോടി രൂപ) സമ്മാനമായി കൈയ്യില്‍ ഇരിക്കും.
ആന്‍ഡ്രോയ്ഡിലെ ഗുരുതര സുരക്ഷാ പിഴവുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ഗൂഗിളിന്റെ പ്രൊജക്ട് സീറോ ടീമാണ് ഇത്തരമൊരു മത്സരം പ്രഖ്യാപിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡിനെ എഴുപ്പത്തില്‍ ആക്രമിക്കാന്‍ കഴിയുന്ന പഴുതോ ബഗ്ഗോ കണ്ടെത്തുകയെന്നതാണു ലക്ഷ്യം.ആന്‍ഡ്രോയ്ഡ് ഒഎസ് ഉള്ള ഉപകരണത്തിന്റെ മൊബൈല്‍ നമ്പറോ ഇമെയില്‍ വിലാസമോ ഉപയോഗിച്ചു സിസ്റ്റത്തില്‍ നുഴഞ്ഞു കയറണം. ബഗ്ഗ് കണ്ടെത്തിയാല്‍ ഉടന്‍ അത് എന്‍ട്രിയായി സമര്‍പ്പിക്കാം. ആന്‍ഡ്രോയ്ഡ് ഇഷ്യൂ ട്രാക്കര്‍ വഴിയാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. ആറു മാസമാണു സമയം.
ഹാക്കിങ് എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതെന്നും, എന്താണ് അതിന്റെ രീതികളെന്നുമുള്ള വിശദമായ കുറിപ്പ് ഇതിനൊപ്പം നല്‍കണമെന്നു നിബന്ധനയുണ്ട്. ഇതു പിന്നീടു പ്രൊജക്ട് സീറോ ടീമിന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കും. രണ്ടാം സ്ഥാനത്തെത്തുന്നയാള്‍ക്ക് ഒരു ലക്ഷം അമേരിക്കന്‍ ഡോളറും മറ്റു വിജയികള്‍ക്ക് 50,000 ഡോളര്‍ വീതവും സമ്മാനം നല്‍കും.എന്താ ഒരു കൈ നോക്കുന്നോ ?