ഡൽഹിയിൽ 43 പേർ വെന്തുമരിച്ച അനാജ് മണ്ഡിലെ കെട്ടിടത്തിൽ വീണ്ടും തീപിടുത്തം. ഇന്ന് പുലർച്ചെയാണ് സംഭവം. നാല് അഗ്നി ശമന യൂണിറ്റുകൾ എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് റാണി ഝാൻസി റോഡിലുള്ള ഫാക്ടറിയിൽ തീപിടുത്തമുണ്ടായത്. 600 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള സ്‌കൂൾ ബാഗുകളും ബോട്ടിലുകളും നിർമിക്കുന്ന ഫാക്ടറി കത്തിനശിച്ചു. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ പതിനഞ്ചിലധികം പേർ ആർഎംഎൽ, ഹിന്ദു റാവു ആശുപത്രികൾ ചികിത്സയിലാണ്.
സംഭവത്തിൽ കെട്ടിട ഉടമയായ റെഹാനെ ഇന്നലെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.