
ആശുപത്രിവാസത്തിനിടെ പിന്തുണ നൽകിയതിനും സഹായം നൽകിയതിനും എ.ആർ.റഹ്മാന് നന്ദി അറിയിച്ച് മുൻ ഭാര്യ സൈറ ബാനു. ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് പിന്നാലെ തന്റെ അഭിഭാഷകരായ വന്ദനാ ഷാ അസോസിയേറ്റ്സ് മുഖേന പുറത്തിറക്കിയ പ്രസ്താവനയിലാണ് എ.ആർ റഹ്മാനോട് സൈറ കടപ്പാട് അറിയിച്ചത്. എത്രയുംവേഗം സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ സൈറ ബാനു പറഞ്ഞു.
ഏറെ വെല്ലുവിളിനിറഞ്ഞ ഈ സമയത്ത് സൈറയുടെ ശ്രദ്ധ എത്രയുംവേഗം സുഖംപ്രാപിക്കുന്നതിൽ മാത്രമാണ്. ചുറ്റുമുള്ളവരുടെ കരുതലും പിന്തുണയും അവർ ഏറെ വിലമതിക്കുന്നു. ക്ഷേമത്തിനായി പ്രാർഥിക്കണമെന്നും സൈറ അഭ്യുദയകാംക്ഷികളോട് അഭ്യർഥിക്കുന്നു. ഈ വിഷമകരമായ സമയത്ത് ഉറച്ച പിന്തുണനൽകിയ ലോസ് ആഞ്ജലീസിലെ സുഹൃത്തുക്കൾ റസൂൽ പൂക്കുട്ടി, അദ്ദേഹത്തിന്റെ ഭാര്യ ഷാദിയ, വന്ദനാ ഷാ, റഹ്മാൻ എന്നിവരോട് സൈറ ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു. അവരുടെ കരുണയ്ക്കും അവർ നൽകിയ പ്രോത്സാഹനത്തിനും അവൾ ഏറെ നന്ദിയുള്ളവളാണ്. ദൈവം അനുഗ്രഹിക്കട്ടെ. ഈ സമയത്ത് സൈറ റഹ്മാൻ സ്വകാര്യത ആവശ്യമുണ്ടെന്നും വന്ദനാ ഷാ അസോസിയേറ്റ്സ് സൈറയ്ക്ക് വേണ്ടി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, സൈറയുടെ അസുഖം എന്താണെന്നത് സംബന്ധിച്ചോ അസുഖത്തിന്റെ മറ്റുവിശദാംശങ്ങളോ ബന്ധപ്പെട്ടവർ വെളിപ്പെടുത്തിയിട്ടില്ല. ഇക്കഴിഞ്ഞ നവംബറിലാണ് വിവാഹമോചിതരാവുകയാണെന്ന് സൈറയും എ.ആർ .റഹ്മാനും അറിയിച്ചത്.
അടുക്കാനാവാത്തവിധം അകന്നുപോയെന്ന് പറഞ്ഞുള്ള കുറിപ്പോടെയാണ് വിവാഹമോചനത്തിന്റെ കാര്യം സൈറാ ബാനു പങ്കുവെച്ചത്. പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി എ.ആർ .റഹ്മാനും വിവാഹമോചനം സ്ഥിരീകരിച്ചിരുന്നു.