ദുബായ്: എമിറേറ്റിലെ ടാക്സി കാറുകളിൽ ഇനി മുതൽ ടെസ്‌ലയും. ഇക്കണോമിക് ഗ്രൂപ്പിനു കീഴിലെ അറേബ്യ ടാക്‌സി കമ്പനിയാണു 269 പുതിയ ടെസ്‌ല മോഡൽ 3 കാറുകൾ ടാക്സി സർവീസിന് ഇറക്കുന്നത്.
ദുബായ് ടാക്‌സിയുടെയും ഫ്രാഞ്ചൈസികളുടെയും വാഹനങ്ങൾ പൂർണമായും പരിസ്ഥിതി സൗഹൃദമാക്കുന്ന ആർടിഎ പദ്ധതിയുടെ ഭാഗമായാണിത്. ഇക്കണോമി ഗ്രൂപ്പിനു കീഴിൽ 6,000 ടാക്‌സി വാഹനങ്ങളാണുള്ളത്. നിലവിൽ, 83% കാറുകളും പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് എൻജിൻ സാങ്കേതിക വിദ്യയിലാണ് പ്രവർത്തിക്കുന്നതെന്നു ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് മാജിദ് ബിൻഹമദ് അൽഖാസിമി പറഞ്ഞു.
വാഹനങ്ങളെ പൂർണമായും ഇലക്ട്രിക് കാറുകളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഹൈഡ്രജൻ ഊർജത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളും പരിഗണിക്കും.