ലോകത്തിലെ ഏറ്റവും നിഗൂഢമായ പ്രദേശം ഏതാണ്. ഈ ചോദ്യത്തിന് വര്‍ഷങ്ങളായി സൈബര്‍ ലോകത്ത് മുഴങ്ങുന്ന ഉത്തരം എരിയ 51 എന്നാണ്. അമേരിക്കയിലെ നെവാദയിലാണ് ഈ പ്രദേശം. ഹെക്ടറുകളോളം മരുഭൂമിപോലെ കിടക്കുന്ന ഈ പ്രദേശത്ത് എന്താണ് നടക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല.
ലോകത്തെ ഏറ്റവും ദുരൂഹത നിറഞ്ഞ സ്ഥലമാണ് ഏരിയ-51. അമേരിക്കയുടെ രഹസ്യ ശാസ്ത്രപരീക്ഷണങ്ങളുടെയെല്ലാം കേന്ദ്രം.അമേരിക്ക ആധുനിക ആയുധങ്ങള്‍ വികസിപ്പിക്കുന്നത് എരിയ 51ലാണ് എന്നാണ് വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു കഥ. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി അമേരിക്ക പിടിച്ചുവച്ച പറക്കുംതളികകളും അന്യഗ്രഹജീവികളും ഇവിടെയാണ് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ ഒരു തിയറി അടിസ്ഥാനമാക്കി 2012 ല്‍ നാഷ്ണല്‍ ജിയോഗ്രഫിക് ചാനല്‍ ഒരു ഡോക്യൂമെന്‍ററി പ്രക്ഷേപണം ചെയ്തു,ഇതില്‍ അമേരിക്കന്‍ പൗരന്മാരില്‍ 80 ദശലക്ഷം പേര്‍ എരിയ 51 നിലവില്‍ ഉണ്ടെന്നാണ് വിശ്വസിക്കുന്നത് എന്ന് പറയുന്നു.
1955ലാണ് അമേരിക്കന്‍ വ്യോമസേന ഇവിടെസൈനീകകേന്ദ്രം ആരംഭിക്കുന്നത്. പിന്നീട് അക്ഷരാര്‍ഥത്തില്‍ ഇതൊരു പരീക്ഷണ ശാലയായി മാറുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിനു പോലും അനുവാദമില്ലാതെ ഇവിടേക്കു പ്രവേശനമില്ല എന്നതാണ് വിചിത്രം .ഏരിയ-51ന്റെ ഏഴയലത്തു പോലും പൊതുജനങ്ങള്‍ക്കു പ്രവേശനമില്ല.ഒരു ഉപഗ്രഹ ചിത്രമല്ലാതെ ഈ സ്ഥലത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന മറ്റു ചിത്രങ്ങളൊന്നും ലഭ്യമല്ല എന്നതു തന്നെ ഈ പ്രദേശത്തിന്റെ നിഗൂഢതയ്ക്കു തെളിവാണ്.
റഷ്യ മനുഷ്യനെ ആദ്യമായി ബഹിരാകാശത്തെത്തിച്ചപ്പോള്‍ മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിക്കുന്നത് തങ്ങളായിരിക്കുമെന്നായിരുന്നു അമേരിക്കയുടെ പ്രഖ്യാപനം. അതിന്റെ ഭാഗമായാണ് നീല്‍ ആംസ്‌ട്രോംങും എഡ്വിന്‍ ആള്‍ഡ്രിനും മൈക്കള്‍ കോളിന്‍സും ചന്ദ്രനിലെത്തുന്നത്. പിന്നാലെ പല വര്‍ഷങ്ങളിലായി ഒമ്പത് പേര്‍ കൂടി ചന്ദ്രനിലെത്തി. എന്നാല്‍ നാം കാണുന്ന ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളെല്ലാം ഏരിയാ-51ല്‍ പ്രത്യേകം തയ്യാറാക്കിയ സെറ്റില്‍ ചിത്രീകരിച്ചതാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. 1980നു ശേഷം ആരും ചന്ദ്രനിലേക്ക് പോയിട്ടില്ലെന്നതും വിമര്‍ശകരുടെ വാക്കിന് ബലമേകുന്നു.