വ്യത്യസ്ത മാദ്ധ്യമങ്ങളില്‍ തീര്‍ത്ത നയനമനോഹരങ്ങളായ ചിത്രങ്ങളുടെ പ്രദര്‍ശനം സിംഗപ്പൂര്‍ നേഷണല്‍ ലൈബ്രറിയില്‍ ആരംഭിച്ചു.മലയാളികളായ അനില്‍ കാരിശേരില്‍, നിര്‍മല മേനോന്‍, ജലീല നിയാസ് എന്നിവരുടെ ചിത്രങ്ങളാണ് “ഹാര്‍മണി ഇന്‍ ഡൈവേര്‍സിറ്റി” എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ നാലുവരെ പ്രദര്‍ശനം തുടരും.
പരമ്പരാഗതമായി ക്ഷേത്രങ്ങളില്‍ മാത്രം കണ്ടുവരുന്ന ചുവര്‍ ചിത്രങ്ങള്‍ അതിന്റെ ചാരുത ഒട്ടും ചോര്‍ന്നുപോകാതെ തന്നെ, കാന്‍വാസിലേക്ക് പകര്‍ത്തുകയാണ് അനില്‍ കാരിശേരില്‍. “ഗജേന്ദ്ര മോക്ഷവും”, “ഗീതോപദേശവും” അനിലിന്‍റെ സൃഷ്ടികളില്‍ മികവുറ്റ വയാണ്.
ജലച്ചായം, ഓയില്‍ പെയിന്‍റിംഗ്, അക്രിലിക്, മ്യുറല്‍ തുടങ്ങി, എല്ലാ മാദ്ധ്യമങ്ങളിലും വര്‍ണ്ണവിസ്മയങ്ങള്‍ തീര്‍ക്കുന്ന നിര്‍മല മേനോന്‍, ഫാബ്രിക് ഡിസൈന്‍ ഒരുക്കുന്നതിലും മികവ് തെളിയിച്ചിട്ടുണ്ട്.
എല്ലാ മാദ്ധ്യമങ്ങളിലും ചിത്രങ്ങള്‍ വരക്കുന്ന ജലീല, ചിത്രങ്ങളില്‍ “ത്രിമാന ദൃശ്യാനുഭവം” തീര്‍ക്കുന്നതില്‍ ഊന്നല്‍ കൊടുക്കുന്നു. കൂടാതെ “കാലിഗ്രാഫി പെയിന്‍റിംഗ്” അവരുടെ ഇഷ്ട്ടപ്പെട്ട മേഖലയാണ്.