മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു

0

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി(66) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് 12.07 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റലി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ് പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.

ഇക്കഴിഞ്ഞ ആഗസറ്റ് ഒൻപതിനാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജെയ്റ്റ്ലിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്രമോദി , ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാരും ലോക്സഭാ സ്പീക്കറും ഈ ദിവസങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ എയിംസില്‍ എത്തിയിരുന്നു.

അരുണ്‍ ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന സമയത്താണ് രാജ്യത്ത് നോട്ടുനിരോധനവും ജി.എസ്.ടി.യും നടപ്പിലാക്കിയത്. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 2018 ഏപ്രില്‍ മുതല്‍ നാലുമാസം മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നു. ഇതിനിടെ ഡല്‍ഹി എയിംസില്‍ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനായി.ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജെയ്റ്റലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായിരുന്നു.
നരേന്ദ്രമോദിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്നു ജയ്റ്റ്ലി പ്രഗല്‍ഭനായ അഭിഭാഷകനും കൂടിയായിരുന്നു.

ആരോഗ്യപ്രശ്നങ്ങള്‍ കാരണം 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ ചേരാന്‍ വിവിധ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ജമ്മു കശ്മീരിലെ മുന്‍ ധനമന്ത്രി ഗിര്‍ദാരി ലാല്‍ ദോഗ്രയുടെ മകള്‍ സംഗീത ജെയ്റ്റ്ലിയാണ് ഭാര്യ. സൊനാലി ജെയ്റ്റ്ലി, റോഹന്‍ ജെയ്റ്റ്ലി എന്നിവര്‍ മക്കളാണ്.