ഉത്തരധ്രുവത്തിലെ അതിസാഹസിക യാത്രയ്‌ക്കൊരുങ്ങി മലയാളി വ്‌ളോഗര്‍

0

ഉത്തരധ്രുവത്തിലെ ചോരയുറയുന്ന തണുപ്പിനെ വെല്ലുവിളിച്ച് ലോകത്തെ തന്നെ ഏറ്റവും സാഹസികമായ യാത്രകളില്‍ ഒന്നായ ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനില്‍ മത്സരിക്കാന്‍ ഒരുങ്ങി യുവ സഞ്ചാരിയും ട്രാവല്‍ വ്‌ളോഗറുമായ അഷ്‌റഫ് എക്‌സല്‍. ഫിയല്‍ റാവന്‍ എന്ന സ്വീഡിഷ് കമ്പനി എല്ലാവര്‍ഷവും നടത്തുന്ന പോളാര്‍ എക്സ്‌പെഡിഷനില്‍ പങ്കെടുക്കാനാണ് പാലക്കാട് അലനല്ലൂര്‍ എടത്തനാട്ടുകര സ്വദേശിയായ അഷ്ഫ് തയ്യാറെടുക്കുന്നത്.

മൈനസ് 30 ഡിഗ്രി യുള്ള അതികഠിനമായ തണുപ്പിനെമാത്രമല്ല വഴിനീളെ പതിയിരിക്കുന്ന ഒട്ടേറെ വെല്ലുവിളികളെയും നേരിട്ട് 7 ദിവസംകൊണ്ടു 300 കിലോമീറ്റർ താണ്ടുന്ന അതിസാഹസിക യാത്രയാണ്‌ പോളാര്‍ എക്‌സ്‌പെഡിഷന്‍.

അപകട സാധ്യത ഏറെയുള്ള മത്സരത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും തുടര്‍ച്ചയായി വിജയിച്ചത് മലയാളികളായ പുനലൂര്‍ സ്വദേശി നിയോഗും കോഴിക്കോട് സ്വദേശി ബാബ് സാഗറുമാണ്. ഇവര്‍ മത്സരത്തില്‍ പങ്കെടുക്കുകയും വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ആയിരിക്കും പോളാര്‍ എക്‌സ്‌പെഡിഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. രാജ്യങ്ങളെ 10 വിഭാഗങ്ങളായി തിരിച്ചു ഓണ്‍ലൈന്‍ വോട്ടിങ് വഴി ആദ്യ സ്ഥാനത്തെത്തുന്ന പത്ത് പേര്‍ക്കാണ് ആര്‍ട്ടിക്ക് ദൗത്യത്തിന് യോഗ്യത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തില്‍ തെരഞ്ഞെടുക്കും.

60 രാജ്യങ്ങളുള്‍പ്പെടുന്ന ദ വേള്‍ഡ് എന്ന വിഭാഗത്തിലാണ് ഇന്ത്യയുടെ സ്ഥാനം. ഈ വിഭാഗത്തിലും ലോകത്തിലെ മൊത്തം രാജ്യങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന വോട്ടെടുപ്പിലും ഒന്നാം സ്ഥാനത്താണ് അഷ്‌റഫ്. മലയാളത്തിലെ പ്രമുഖ ട്രാവല്‍ ബ്ലോഗറായ സുജിത് ഭക്തന്‍, ടെക്‌നോളജി വീഡിയോകളിലൂടെ മലയാളിക്ക് സുപരിചിതനായ രതീഷ് ആര്‍ മേനോന്‍ തുടങ്ങി നിരവധി പേര്‍ ഇദ്ദേഹത്തിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. യൂടൂബില്‍ ഒന്നര ലക്ഷത്തിലധികം ഫോളോവേര്‍സുള്ള റൂട്ട് റെക്കോര്‍ഡ്‌സ് എന്ന ട്രാവല്‍ ചാനലിന്റെ ഉടമയാണ് അഷ്‌റഫ്.

യാത്രകളെ ഏറെ സ്‌നേഹിക്കുന്ന അഷ്‌റഫ് വ്‌ളോഗിങ് ആരംഭിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷവും നാല് മാസവും പിന്നിട്ടു. ”നാല് കാര്യങ്ങളാണ് എനിക്ക് ഏറെ ഇഷ്ടം. യാത്ര ഫോട്ടോഗ്രഫി, സിനിമ പിന്നെ ഭക്ഷണം. ഇത് നാലും ഒരുമിച്ച് ചെയ്യാന്‍ പറ്റുന്ന മേഖലയാണ് വ്‌ളോഗിങ്.” ഈ കാരണങ്ങൾ കൊണ്ടാണ് അഷ്‌റഫ് വ്‌ളോഗിങ്ങിലേക്ക് തിരിഞ്ഞത്.