മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തി മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി. ഇവര്‍ക്കെതിരായ നരഹത്യാക്കുറ്റം തെളിഞ്ഞു. രണ്ട് പേരെ കോടതി വെറുതെ വിട്ടു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പതിനഞ്ചും പതിനാറും പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും.
താവളം പാക്കുളം മേച്ചേരിയിൽ ഹുസൈൻ (59), 2. കള്ളമല മുക്കാലി കിളയിൽ മരയ്ക്കാർ (41), 3. കള്ളമല മുക്കാലി പൊതുവച്ചോല ഷംസുദ്ദീൻ (41), 5.രാധാകൃഷ്ണൻ, 6. ആനമൂളി പള്ളിപ്പടി പൊതുവച്ചോല അബൂബക്കർ (39), 7. കള്ളമല മുക്കാലി പടിഞ്ഞാറെപ്പള കുരിക്കൾ വീട്ടിൽ സിദ്ദീഖ് (46), 8. കള്ളമല മുക്കാലി തൊട്ടിയിൽ ഉബൈദ് (33), 9. മുക്കാലി വിരുത്തിയിൽ നജീബ് (41), 10. കള്ളമല മുക്കാലി മണ്ണംപറ്റ വീട്ടിൽ ജൈജുമോൻ (52), 12. കള്ളമല കൊട്ടിയൂർക്കുന്ന് പുത്തൻപുരയ്ക്കൽ സജീവ് (38), 13. കള്ളമല മുക്കാലി മുരിക്കട സതീഷ് (43), 14. മുക്കാലി ചെരുവിൽ ഹരീഷ് (42), 15. മുക്കാലി ചെരുവിൽ ബിജു (45), 16. മുക്കാലി വിരുത്തിയിൽ മുനീർ (36) എന്നിവരാണ് പ്രതികളാണെന്നു കോടതി വിധിച്ചത്.
നാലാം പ്രതി കൽക്കണ്ടി കക്കുപ്പടി കുന്നത്ത് വീട് അനീഷ്(38), പതിനൊന്നാം പ്രതി കള്ളമല മുക്കാലി ചോലയിൽ അബ്ദുൽ കരീം (52) എന്നിവരെയാണ് വെറുതെ വിട്ടത്. സംഭവം നടന്ന് 5 വർഷത്തിനുശേഷമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി വിധി പറഞ്ഞത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.
മാർച്ച് 10നു വാദം പൂർത്തിയായി. മാർച്ച് 18നു വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് 30ലേക്കു മാറ്റി. 30നു കേസ് പരിഗണിച്ചപ്പോഴാണ് ഇന്നു വിധി പറയാനായി വീണ്ടും മാറ്റിയത്. മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പ്രത്യേക പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. മധുവിന്റെ അമ്മ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽനിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്. കള്ളനെന്ന് ആരോപിച്ചു മധുവിനെ കാട്ടിൽനിന്നു പ്രതികൾ സംഘം ചേർന്നു പിടികൂടി മുക്കാലിയിലെത്തിച്ചു. മുക്കാലിയിൽ എത്തിയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.
അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലമാണു മധു കൊല്ലപ്പെട്ടതെന്നാണു പ്രോസിക്യൂഷൻ കേസ്. വനത്തിൽ ആണ്ടിയളച്ചാൽ ഭാഗത്തു മധു ഉണ്ടെന്നു വിവരം ലഭിച്ച പ്രതികൾ കാട്ടിൽ അതിക്രമിച്ചു കയറിയെന്നു വനംവകുപ്പ് കേസും നിലവിലുണ്ട്.
മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷത്തിനു ശേഷമാണ് വിധി വന്നിരിക്കുന്നത് ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് ഇന്ന് വിധി പറഞ്ഞത്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറി. ഇതിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളുണ്ട്. അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തിൽ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നൽകിയവർ വരെ കൂറുമാറി. മജിസ്റ്റീരിയിൽ റിപ്പോർട്ടിന് മേൽ തെളിവ് മൂല്യത്തർക്കം ഉണ്ടായി. ഒടുവിൽ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിയും വന്നു.