അയോധ്യ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം∙ അയോധ്യാ കേസില്‍ സുപ്രീംകോടതി വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങൾ മാത്രമേ കേരളത്തിലുണ്ടാവൂ എന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബറി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. നാളത്തെ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയ്യാറാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

രാജ്യത്തിന്‍റെ മതനിരപേക്ഷതയും സമാധാനവും കാത്ത് സൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം. വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. ഉയർന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത്. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

എസ്പിമാർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഡിജിപി എസ്പിമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തി. സംസ്ഥാനത്തും നവ മാധ്യമങ്ങൾ നിരീക്ഷണ വിധേയമായിരിക്കും. കരുതൽ തടങ്കലുകൾക്കും നിർദ്ദേശമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും പരിശോധന നടത്തും.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അയോധ്യ കേസില്‍ വിധി പറയുക.രാവിലെ പത്തരയ്ക്ക് വിധി പ്രസ്താവം ഉണ്ടാകുമെന്നാണ് വിവരം.